ഇഷ്ട്ട ടീമുകൾ പുറത്തായി; പക്ഷെ, ലോകകപ്പ് ആവേശം ചോരാതെ നാട്ടിൻപുറം
text_fieldsകുരിക്കത്തൂർ സരിലയ സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിൽ കഴിഞ്ഞ ദിവസം മത്സരം കാണാൻ എത്തിയ വൻ ജനക്കൂട്ടം
കുന്ദമംഗലം: ഏറെ ആരാധകർ ഉള്ള ബ്രസീൽ, പോർചുഗൽ, ജർമനി തുടങ്ങിയ ടീമുകൾ പുറത്തായെങ്കിലും ലോക കാൽപന്ത് ഉത്സവത്തിന്റെ ആവേശത്തിലാണ് നാട്ടിൻപുറത്തെ ഫുട്ബാൾ പ്രേമികൾ. വലിയ സ്ക്രീനുകൾ സ്ഥാപിച്ച് നാട്ടുകാർ ഒന്നിച്ചിരുന്ന് മത്സരങ്ങൾ കാണുകയാണ്. വിവിധ ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ചെറുതും വലുതുമായ ബിഗ് സ്ക്രീനുകളിൽ മത്സരങ്ങൾ കണ്ട് ആവേശം കൊള്ളുകയാണ് കായിക പ്രേമികൾ. അർധരാത്രിയിലെ ആവേശകരമായ തത്സമയ പ്രദർശനങ്ങളും ജയപരാജയങ്ങളുടെ പേരിൽ നടക്കുന്ന സൗഹൃദ തർക്കങ്ങളും നാട്ടിൻപുറങ്ങളെ ഉത്സവപ്രതീതിയിലാക്കുന്നു.
മറ്റുള്ളവരുടെ ടീമുകൾ പുറത്താകുന്ന നിമിഷം ആഘോഷമാക്കാൻ നിൽക്കുകയാണ് ഇഷ്ട ടീമുകൾ പുറത്തായ ടീമുകളുടെ ആരാധകർ. നെയ്‌മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഫുട്ബാൾ രാജാക്കന്മാർ ലോക ഫുട്ബാൾ കളിക്കളം ഒഴിഞ്ഞതിന്റെ പ്രയാസം കായിക പ്രേമികൾക്ക് എല്ലാവർക്കും ഒരുപോലെയുണ്ട്. പ്രദേശത്ത് ഏറ്റവും കൂടുതൽ ആളുകൾ മത്സരം കാണാൻ എത്തുന്നത് സരിലയ കുരിക്കത്തൂർ സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിൽ ആണ്. വമ്പൻ ടീമുകളുടെ മത്സരങ്ങളിൽ 600-700 വരെ ആളുകൾ മത്സരം വീക്ഷിക്കാൻ എത്താറുണ്ട്.
മഴയായാലും അർധരാത്രിയിലും ഫുട്ബാൾ പ്രേമികളുടെ ഒഴുക്കാണ് പന്തലിലേക്ക്. എത്തുന്നവർക്ക് ചായയും കാപ്പിയും വടയും എല്ലാം ഉണ്ടാകും. കുന്ദമംഗലത്ത് പി.എഫ്.സിയുടെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പന്തീർപാടത്ത് ഫുട്ബാൾ കൂട്ടായ്മയുടെ നേതൃത്വത്തിലും ചേരിഞ്ചാലിൽ ഫ്രണ്ട്സ് കല-കായിക വേദിയുടെ ആഭിമുഖ്യത്തിലും ബിഗ് സ്ക്രീൻ പ്രദർശനം ഉണ്ട്. വരിയട്ട്യാക്കിൽ ജനകീയ ഫുട്ബാൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലും ചാത്തൻകാവിൽ നാട്ടുകാരുടെ നേതൃത്വത്തിലും ബിഗ് സ്ക്രീനിൽ നാട്ടുകാർക്കായി പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. മറ്റുള്ള ഇടങ്ങളിലും വീടുകളിലും എല്ലാം ബിഗ് സ്ക്രീൻ സംഘടിപ്പിച്ച് ലോകകപ്പ് ആവേശമാക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

