നീതി തേടിയുള്ള ഹർഷിനയുടെ സമരത്തിൽ മുന്നണിപ്പോരാളികളായി ദമ്പതികളും
text_fieldsഹർഷിന മെഡിക്കൽ കോളജിൽ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ അൻവർ സാദത്തും തൗഹീദ
അൻവറും (ഫയൽ ഫോട്ടോ)
കുന്ദമംഗലം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച കെ.കെ. ഹർഷിനയുടെ നീതി തേടിയുള്ള സമരത്തിൽ മുന്നണിപ്പോരാളികളായി ദമ്പതികളും. 2023 ജനുവരിയിൽ ഹർഷിന ഒന്നാംഘട്ടം സമരം ആരംഭിച്ചപ്പോൾ തുടങ്ങിയ സാന്നിധ്യമാണ് രണ്ടുപേരുടെയും. കുന്ദമംഗലം ആനപ്പാറ സ്വദേശികളായ ഇ.പി. അൻവർ സാദത്ത്-തൗഹീദ അൻവർ ദമ്പതികളാണ് ഹർഷിനക്കൊപ്പം പോരാട്ടത്തിൽ അവസാനം വരെ അണിനിരന്നത്. 2023 മേയ് മാസം ആരംഭിച്ച രണ്ടാംഘട്ട സത്യാഗ്രഹ സമരത്തിൽ 104 ദിവസം മെഡിക്കൽ കോളജിനു മുന്നിലെ സമരപന്തലിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു ഇവർ രണ്ടു പേരും. ഇ.പി. അൻവർ സാദത്ത് സമര സമിതിയുടെ വൈസ് ചെയർമാനും തൗഹീദ അൻവർ ജോ. കൺവീനറും ആണ്.
പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.എം.ഒ ഓഫിസ് ഉപരോധിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തതിൽ ഇവർ രണ്ടു പേരും ഉണ്ടായിരുന്നു. കമീഷണർ ഓഫിസ് മാർച്ചിലും കലക്ടറേറ്റ് മാർച്ചിലും നേതൃപരമായ പങ്ക് വഹിച്ചു. 104 ദിവസം തുടർച്ചയായ സമരത്തിൽ വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ തൗഹീദയുടെയും സഹപ്രവർത്തകരുടെയും പങ്ക് വലുതാണ്. കമീഷണർ ഓഫിസ് മാർച്ചിൽ തലകറങ്ങി വീണ ഹർഷിനയെ ബീച്ച് ആശുപത്രിയിൽ എത്തിക്കുന്നതിൽ മുൻകൈയെടുത്തത് തൗഹീദയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഹർഷിന നടത്തിയ സമരത്തിൽ അൻവർ സാദത്ത് ആദ്യാവസാനം വരെ സമര സമിതി ഭാരവാഹികളോടൊപ്പം പങ്കെടുത്തു. അവസാനം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റ് ആയി ചുമതല ഏൽക്കുമ്പോഴും അൻവർ സാദത്തും സഹപ്രവർത്തകരും ഹർഷിനയോടൊപ്പമുണ്ട്. വർഷങ്ങളോളം നീണ്ട ഹർഷിനയുടെ നീതിക്കായുള്ള സമരത്തിൽ തുടക്കം മുതൽ അവരോടൊപ്പം നിൽക്കാനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള യാത്രയിൽ പങ്കാളികളാകാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

