കുന്ദമംഗലത്തുകാർക്ക് മികച്ച മൈതാനമില്ല ; ഫുട്ബാൾ ആവേശം മങ്ങി
text_fieldsകുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ചെത്തുകടവ് മിനി സ്റ്റേഡിയം
കുന്ദമംഗലം: മുൻകാലങ്ങളിൽ വൈകുന്നേരങ്ങളിൽ കുന്ദമംഗലത്തേക്ക് ഒഴുകിയെത്തിയ ഫുട്ബാൾ ജനക്കൂട്ടം ഇന്ന് വെറുമൊരു ഓർമയാണ്. കുന്നിൻമുകളിലും പാടവരമ്പുകളിലും ഒരുമിച്ച് കൂടുന്ന കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ആവേശഭരിതരക്കാനും വന്നെത്തുന്ന ഫുട്ബാൾ പ്രേമികളെ എവിടെയും കാണാനില്ല.
കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട് ഒഴികെ മറ്റെല്ലാ മൈതാനങ്ങളും പലവിധ ആവശ്യങ്ങൾക്കും വഴിമാറിയപ്പോൾ ഫുട്ബാൾ ആവേശത്തിന് മങ്ങലേറ്റു. നല്ലൊരു മൈതാനത്തിന്റെ അഭാവവും കുന്ദമംഗലത്തിന്റെ ഫുട്ബാൾ വികാസത്തിനും ആവേശത്തിനും വിഘാതം സൃഷ്ടിച്ചു. അതേസമയം, അവസാനമായി നടത്തിയ അഖിലേന്ത്യ ടൂർണമെന്റുകൾ സാമ്പത്തികമായി പരാജയപ്പെട്ടത് പുതിയ മത്സരങ്ങളോ ഫുട്ബാൾ വികസനത്തിനുള്ള വലിയ പദ്ധതികളോ ആലോചിക്കുന്നതിൽനിന്ന് സംഘാടകരെ പിന്തിരിപ്പിക്കുന്നുണ്ട്.
ഓരോ പഞ്ചായത്തിലും ഒരു മൈതാനമെന്നതാണ് കായികമന്ത്രി വി. അബ്ദുറഹ്മാൻ മുന്നോട്ടുവെച്ചിട്ടുള്ള ആശയം. സർക്കാറിന് കായിക മേഖലയിൽ മികച്ച ആശയങ്ങളുണ്ടെങ്കിലും കുന്ദമംഗലം പോലെയുള്ള പ്രാദേശിക ഫുട്ബാളിനെ ആസ്വദിക്കുന്നവർക്ക് ഇന്നും അസൗകര്യങ്ങളാണ്. സാന്റോസ് കുന്ദമംഗലം, പി.എഫ്.സി കുന്ദമംഗലം, കേരള ഇന്ത്യൻസ് സ്പോർട്സ് അക്കാദമി എന്നിവ പ്രമുഖ ക്ലബുകളാണ്.
സാന്റോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പി.എഫ്.സി പ്രീമിയർ ലീഗ് മത്സരങ്ങളിലൈണ് പ്രധാനമായും സമയം ചെലവിടുന്നത്. ആവേശകരമായ സായാഹ്നങ്ങൾ വീണ്ടും ആസ്വദിക്കുന്നതിന് അധികൃതർ കുന്ദമംഗലത്തിനായി ഒരു സമ്പൂർണ സ്റ്റേഡിയം പണിയുമെന്ന പ്രത്യാശയിലാണ് ഫുട്ബാൾ പ്രേമികൾ.