കുന്ദമംഗലത്ത് ഇനി ഇടത് ഭരണം; വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ
text_fieldsകുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽനിന്ന് പുറത്തിറങ്ങിയ പ്രസിഡൻറ് ലിജിയെയും വൈസ് പ്രസിഡൻറ് അനിൽകുമാറിനെയും ഇടത് മുന്നണി പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിക്കുന്നു
കുന്ദമംഗലം: യു.ഡി.എഫ് ശക്തികേന്ദ്രമായ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ വളരെ കാലത്തിന് ശേഷം ഇടതു മുന്നണി അധികാരത്തിലേക്ക്.എൽ.ഡി.എഫിൽ എൽ.ജെ.ഡിയിലെ ലിജി പുൽകുന്നുമ്മൽ പ്രസിഡൻറും സി.പി.എം ലെ വി.അനിൽകുമാർ വൈസ് പ്രസിഡൻറുമായി.
പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്ന ശേഷം 2005ൽ ഡി.ഐ.സിയുടെ പിന്തുണയോടെ ഒരിക്കൽമാത്രമാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ഇത്തവണ ആകെ 23 വാർഡുകളിൽ എൽ.ഡി.എഫിന് 11 ഉം ( സി.പി.എം 8, എൽ.ജെ.ഡി 2, സി.പി.ഐ 1) യു.ഡി.എഫിന് 9ഉം (മുസ്ലിം ലീഗ് 5, കോൺഗ്രസ് 4 ) സീറ്റുകളാണുള്ളത്.ബി.ജെ.പി ക്ക് രണ്ടും ലീഗ് വിമതന് ഒന്നും സീറ്റും ലഭിച്ചു.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് ബി.ജെ.പി യും ലീഗ് വിമതനും വിട്ട് നിൽക്കുകയായിരുന്നു. മുന്നണിയിൽ ജില്ല തലത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രസിഡൻറ് സ്ഥാനം എൽ.ജെ.ഡിക്ക് ലഭിച്ചത്.എൽ.ജെ.ഡിയിലെ ലിജി പുൽക്കുന്നുമ്മലും മുസ്ലിം ലീഗിലെ പി. കൗലത്തുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഒമ്പതിനെതിരെ 11 വോട്ടുകൾക്ക് ലിജി വിജയിച്ചു. ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നേരത്തെ ഹാളിലെത്തിയ യു.ഡി.എഫ് അംഗങ്ങൾ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് കോൺഗ്രസിലെ ഷൈജ വളപ്പിലിെൻറ നാമനിർദേശം നൽകി. പിന്നീടെത്തിയ എൽ.ഡി.എഫ് അംഗങ്ങൾ സമയം കഴിഞ്ഞാണ് ഹാളിൽ പ്രവേശിച്ചതെന്ന് പറഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ ബഹളം വെച്ചു.
അതിനിടെ, എൽ.ഡി.എഫിൽനിന്ന് വി. അനിൽകുമാറിെൻറ നാമനിർദേശം റിട്ടേണിങ് ഓഫിസറായ കൃഷി അസി.ഡയറക്ടർ രൂപ നാരായണൻ സ്വീകരിച്ച് കഴിഞ്ഞിരുന്നു. യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി വോട്ടിങ് ബഹിഷ്കരിച്ച് ഹാൾ വിട്ടിറങ്ങി. വോട്ടിങിൽ അനിൽകുമാറിന് 11 വോട്ട് ലഭിച്ചു. ഷൈജക്ക് വോട്ടൊന്നും ലഭിച്ചില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിലെന്ന പോലെ ബി.ജെ.പി അംഗങ്ങളും ലീഗ് വിമതനും ബാലറ്റ് പേപ്പർ മടക്കി നൽകി നിന്ന് വിട്ടു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

