കുന്ദമംഗലം -വിജയം നേരിയ മാർജിനിൽ എന്ന് ഇരു മുന്നണികളും
text_fieldsകുന്ദമംഗലം : കനത്ത മത്സരം നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പെട്ടിയിൽ വീണ വോട്ടുകളിൽ കണക്കുകൂട്ടലുകൾ നടത്തി മുന്നണികൾ. വോട്ടെടുപ്പിന് മുമ്പ് വലിയ മാർജിനിൽ വിജയിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ എൽ.ഡി.എഫ് 3000 വോട്ടിന് മുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ പ്രതീക്ഷ 4000ത്തോളം വോട്ടിന്റെ വിജയമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിനേക്കാൾ 14,816 വോട്ട് ഇത്തവണ അധികം പോൾ ചെയ്തു. ഈ വോട്ടുകൾ ഏറെ നിർണായകമാകും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വ്യക്തമായ ലീഡ് നേടിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ വികസന പ്രവർത്തനങ്ങളും പി.ടി.എ. റഹീമിന്റെ ജനകീയതയും ഒരിക്കൽകൂടി വിജയത്തിലെത്തിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. 23,251 വോട്ടിന്റെ ഭൂരിപക്ഷമാണ് 2024ലെ ലോക്സഭ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഡ്. അന്ന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിലായിരുന്നു. ലോക്സഭ തെരെഞ്ഞെടുപ്പിന്റെ സാഹചര്യം വ്യത്യസ്തമാണെങ്കിലും മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. 9,407 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് നേടിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.ടി.എ. റഹീം 10,276 വോട്ടിനാണ് വിജയിച്ചത്. കണക്ക് കൂട്ടലുകൾക്ക് ശേഷം 3,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. കുന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് 3,500 വോട്ടിന്റെ ലീഡ് നേടുമെന്നും മാവൂർ പഞ്ചായത്തിൽ യു.ഡി.എഫ് നേരിയ ലീഡ് നേടുമെന്നുമാണ് തെരെഞ്ഞെടുപ്പിന് ശേഷമുള്ള എൽ.ഡി.എഫ് വിശകലനം.
ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ പഞ്ചായത്തിൽ ലീഡ് നേടുമെന്നും ഒളവണ്ണയിൽ 4,000 വോട്ടിന്റെ ലീഡ് ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. യു.ഡി.എഫ് തരംഗം ഇല്ലെങ്കിൽ ലീഡ് 10,000 വരെ എത്തിയേക്കുമെന്ന് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നു. എന്നാൽ കുന്ദമംഗലം പഞ്ചായത്തിൽ 5,000 വോട്ടിന്റെ ലീഡും ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടുമെന്നും ഒളവണ്ണയിൽ എൽ.ഡി.എഫ് 6000 വോട്ട് വരെ ലീഡ് നേടുമെന്നുമാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. എൻ.ഡി.എക്ക് വലിയ വോട്ടുള്ള മണ്ഡലത്തിൽ 35,000-40,000വരെ വോട്ട് നേടുമെന്നാണ് പ്രതീക്ഷ. മണ്ഡലം വീണ്ടും ചുവക്കുമോ എന്നും യു.ഡി.എഫ് വിജയിക്കുമോ എന്നും മെയ് നാലിന് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

