ഒന്നര പതിറ്റാണ്ടിനുശേഷം കുന്ദമംഗലത്ത് യു.ഡി.എഫ്
text_fieldsകുന്ദമംഗലം മണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി റസാഖ് മാസ്റ്ററെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
കുന്ദമംഗലം: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുശേഷം നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് മിന്നും ജയം. യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ 13313 വോട്ടുകൾക്കാണ് വിജയിച്ചത്.
കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ പി.ടി.എ. റഹീം ആണ് മണ്ഡലത്തിൽനിന്ന് ജയിച്ചത്. യു.ഡി.എഫ് കണക്ക് കൂട്ടിയതിനെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾക്കാണ് എം.എ. റസാഖ് മാസ്റ്ററുടെ വിജയം. എം.എ. റസാഖ് മാസ്റ്റർ 91598 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ. റഹീം 78285 വോട്ടാണ് നേടിയത്. എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവൻ 34435 വോട്ട് നേടി. പി.ടി.എ. റഹീമിന്റെ അപര സ്ഥാനാർഥി റഹീം 2110 വോട്ട് നേടിയപ്പോൾ 1044 വോട്ട് നോട്ടക്ക് ലഭിച്ചു. റസാഖ് മാസ്റ്റർ 43.84 ശതമാനം വോട്ട് നേടി.
കഴിഞ്ഞ തവണ 400 വോട്ടിന്റെ ലീഡ് മാത്രം നേടിയ കുന്ദമംഗലം പഞ്ചായത്തിൽനിന്ന് യു.ഡി.എഫ് 5467 വോട്ടിന്റെ ലീഡ് നേടി. ചാത്തമംഗലം പഞ്ചായത്തിൽ നിന്ന് 1600ലേറെ വോട്ടിന്റെ ഭൂരിപക്ഷവും മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽനിന്ന് 2000 ലേറെ വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫ് 6000 വോട്ട് വരെ ലീഡ് നേടുമെന്ന് കരുതിയ ഒളവണ്ണയിൽ അവർക്ക് വെറും 251 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. കുന്ദമംഗലം പഞ്ചായത്ത് ഒഴികെ ബാക്കി പഞ്ചായത്തുകളിൽനിന്ന് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതീക്ഷ.
തിരുവമ്പാടിയിൽ മതനിരപേക്ഷ രാഷ്ട്രീയ വിജയം -നിഷാദ് കോട്ടമ്മൽ
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫിന് മതനിരപേക്ഷ രാഷ്ട്രീയ വിജയം. 15 വർഷത്തിന് ശേഷമുണ്ടായ യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമിന്റെ 6741 വോട്ടിന്റെ വിജയത്തിന് തിളക്കമേറെയുണ്ട്. ഏറ്റവും ഒടുവിൽ യു.ഡി.എഫ് വിജയിച്ച 2011ലെ സി. മോയിൻ കുട്ടിയുടെ ഭൂരിപക്ഷമായ 3883 വോട്ട് മറികടക്കാൻ കാസിമിന് കഴിഞ്ഞു. മുസ്ലിം ലീഗ് മത്സരിച്ചാൽ മണ്ഡലത്തിൽ വിജയ സാധ്യത ഇല്ലെന്ന വിലയിരുത്തലിനുള്ള മധുര മറുപടിയായി ലീഗ് വിജയം മാറി.
മണ്ഡലത്തിൽ മതധ്രുവീകരണ ശ്രമങ്ങളുണ്ടെന്ന ആശങ്കയില്ലെന്ന് തെളിയിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. മതനിരപേക്ഷമായ രാഷ്ട്രീയ വോട്ടിങ് മണ്ഡലത്തിൽ നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2021ൽ 4643 വോട്ടിനാണ് ഇടതു സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചത്. 2016ലെ എൽ.ഡി.എഫ് വിജയം 3008 വോട്ടിനായിരുന്നു. ജോർജ് എം. തോമസ് ആയിരുന്നു അന്ന് ഇടത് സ്ഥാനാർഥി. പരമ്പരാഗത യു.ഡി.എഫ് തട്ടകമായ തിരുവമ്പാടിയിൽ തങ്ങളുടെ അടിത്തറ ഭദ്രമാണെന്ന് 15 വർഷത്തിന് ശേഷമുണ്ടായ വിജയം തെളിയിക്കുന്നു.
മണ്ഡലത്തിലെ ജനങ്ങളുമായി ഇഴയടുപ്പമുണ്ടാക്കിയായിരുന്നു സി.കെ. കാസിമിന്റെ പ്രചാരണം. സംസ്ഥാനത്ത് ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗവും സി.കെ. കാസിമിന് കരുത്തായി. ഏഴിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് ഭൂരിപക്ഷം നേടി. രണ്ടിടങ്ങളിലാണ് എൽ.ഡി.എഫ് ലീഡുള്ളത്. പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ 3532, കോടഞ്ചേരി - 1461, കാരശ്ശേരി - 1691, കൂടരഞ്ഞി- 456, കൊടിയത്തൂർ - 1965 എന്നിങ്ങനെയാണ് യു.ഡി.എഫ് ലീഡ്. എൽ.ഡി.എഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2011 വോട്ടും മുക്കം നഗര സഭയിൽ 398 വോട്ടും ലീഡ് നേടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാൻ ഇടത് എം.എൽ.എ ലിന്റോ ജോസഫിന് കഴിയാത്തത് ശ്രദ്ധേയമാണ്. വികസന പ്രവർത്തനങ്ങളുടെ സമൂഹമാധ്യമ പ്രചാരണത്തിൽ ലിന്റോ ജോസഫ് മികവ് കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

