ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന; റസ്റ്റാറന്റിന് 5000 പിഴ ചുമത്തി
text_fieldsകുന്ദമംഗലം: ആരോഗ്യ കേരള പരിശോധനയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്, മാലിന്യ നിർമാർജന മാർഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു.
അടുക്കള വൃത്തിഹീനമായ നിലയിൽ കാണപ്പെട്ടതിനും ഭക്ഷ്യവസ്തുക്കൾ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും റസ്റ്റാറൻറിന് 5000 രൂപ പിഴ ചുമത്തി. തുടർന്ന് സ്കൂളുകളുടെ പാചകപ്പുരകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സി.ഒ.ടി.പി.എ നിയമപ്രകാരം പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.സജീവൻ, എൻ.എൻ. നെൽസൺ, പി. ദീപിക, സി.പി. അക്ഷയ്കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം മൂന്നുവർഷം തടവും 25000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ള വിവിധ വകുപ്പുകൾ പ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കുന്ദമംഗലം ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫിസർ ഡോ. വി.അർച്ചന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

