നോമ്പുതുറക്കാൻ പോയ ദിവസം വീട്ടിൽ മോഷണം; 30,000 രൂപ നഷ്ടപ്പെട്ടു
text_fieldsകുന്ദമംഗലം: വീടുപൂട്ടി ബന്ധുവീട്ടിൽ നോമ്പുതുറക്കാൻ പോയ ദിവസം 30,000 രൂപ മോഷണം പോയി. കുന്ദമംഗലം അങ്ങാടിയിൽനിന്ന് കോരങ്കണ്ടി ഭാഗത്തേക്കുള്ള റോഡിൽ സൂര്യ ജങ്ഷനു സമീപം പറക്കുന്നത്ത് സഫീറിെൻറ വീട്ടിലാണ് ശനിയാഴ്ച രാത്രി കള്ളൻ കയറിയത്.
വീട്ടിലുള്ളവരെല്ലാം ശനിയാഴ്ച വൈകീട്ട് നോമ്പ് തുറക്കുന്നതിനായി ബന്ധുവീട്ടിൽ പോയി പുലർച്ച തിരിച്ചുവന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മുൻവശത്തെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.
സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്ത വീട്ടിലും കവർച്ചശ്രമം നടന്നു. ഇവിടെയും വീട്ടിൽ ആളില്ലായിരുന്നു. വീടിനുള്ളിൽ എല്ലാ ഭാഗത്തും തിരച്ചിൽ നടത്തിയ അടയാളങ്ങൾ ഉണ്ടെങ്കിലും ഇവിടെനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കുന്ദമംഗലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും പരിശോധന നടത്തി.

