വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ
text_fieldsമനീഷ്
കുന്നംകുളം: നഗരത്തില്‍ വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ പിടികൂടി. കാട്ടകാമ്പാല്‍ ചിറക്കല്‍ മുക്കൂട്ടയില്‍ മനീഷിനെയാണ് (19) കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പോര്‍ക്കുളം സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ സനലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നഗരത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് പരിശോധനക്കായി തടഞ്ഞുനിര്‍ത്തിയ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയം പ്രതിയുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല.
ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് വാഹന ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മോഷണം പോയതാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മോഷണം കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് മറ്റേതെങ്കിലും കേസുകളിൽ യുവാവ് ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

