കുന്ദമംഗലത്ത് ഹോട്ടലിൽ തീപിടിത്തം
text_fieldsകുന്ദമംഗലത്ത് വയനാട് റോഡിൽ സിന്ധു തിയറ്ററിന് സമീപം ഭാരത് ഹോട്ടലിൽ തീപിടിച്ചപ്പോൾ
കുന്ദമംഗലം: ദേശീയപാതയിൽ കുന്ദമംഗലം-വയനാട് റോഡിൽ സിന്ധു തിയറ്ററിന് സമീപത്തെ ഭാരത് ഹോട്ടലിൽ തീപിടിത്തം. അടുക്കളയിലെ ഫർണിച്ചറുകളും അടുപ്പുകളും ഭക്ഷണങ്ങളും കത്തിനശിച്ചു.
തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അടുക്കളയിലെ ഒരു ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊടുന്നനെ തീ തൊട്ടടുത്ത അടുപ്പുകളിലേക്ക് വ്യാപിച്ച് ആളിക്കത്തുകയായിരുന്നു. അകത്തുണ്ടായിരുന്ന ആറു സിലിണ്ടറിൽ ഒന്നിലാണ് ചോർച്ചയുണ്ടായത്.
മുക്കം, വെള്ളിമാട്കുന്ന്, നരിക്കുനി ഭാഗത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും കുന്ദമംഗലം പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. അടുക്കളയിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ പൂർണമായും കത്തിനശിച്ചു. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉടൻ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

