Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീർഘകാലത്തെ ആവശ്യമായ താലൂക്ക് പദവി പ്രതീക്ഷയിൽ കുന്ദമംഗലം

text_fields
bookmark_border
എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ സബ്മിഷൻ സജീവ പരിഗണനയെന്ന് മന്ത്രി
ദീർഘകാലത്തെ ആവശ്യമായ താലൂക്ക്   പദവി പ്രതീക്ഷയിൽ കുന്ദമംഗലം
cancel
camera_alt

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യ കു​ന്ദ​മം​ഗ​ലം ടൗ​ൺ

കുന്ദമംഗലം: രണ്ടു നൂറ്റാണ്ടിലധികമായി സബ് താലൂക്ക് ആയി തുടരുന്ന കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകി ഉയർത്തണമെന്ന് എംഎ റസാഖ് മാസ്റ്റർ എംഎൽഎ. നിയമസഭ സമ്മേളനത്തിലാണ് എം.എ. റസാഖ് മാസ്റ്റർ സബ്മിഷനിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ജില്ലയിലെ താലൂക്കുകളുടെ ജനസംഖ്യാ ബാഹുല്യവും ജോലിഭാരവും കാരണം സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് കോഴിക്കോട് താലൂക്ക് ഓഫിസിനെ ആശ്രയിക്കേണ്ടി വരുന്ന ദുരിതം എം.എൽ.എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), എൻ.ഐ.ഇ.എൽ.ടി, സി.ഡബ്ല്യു.ആർ.ഡി.എം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ നിലനിൽക്കുന്ന വേഗത്തിൽ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുന്ദമംഗലം എന്ന് എം.എൽ.എ സൂചിപ്പിച്ചു.

മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഒരു താലൂക്കിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ എട്ട് സ്റ്റാഫുകളും കുന്ദമംഗലത്തുണ്ട്. ഇതിൽ ആറുപേരും ഡെപ്യൂട്ടേഷനിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1805ൽ രൂപവത്കരിച്ച കുന്ദമംഗലം സബ് താലൂക്ക് രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും താലൂക്ക് പദവി ലഭിക്കാതെ കേരളത്തിൽ അവശേഷിക്കുന്ന ഏക സബ് താലൂക്കാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോഴിക്കോട്, താമരശ്ശേരി താലൂക്കുകൾ പുനഃക്രമീകരിച്ച് 18 വില്ലേജുകൾ ഉൾപ്പെടുത്തി കുന്ദമംഗലം താലൂക്ക് രൂപവത്കരിക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. കുന്ദമംഗലം താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ സഭയിൽ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ താലൂക്കുകളുടെ രൂപവത്കരണത്തിൽ അശാസ്ത്രീയതയുണ്ടെന്നും 13 നിയോജകമണ്ഡലങ്ങളുള്ള ജില്ലയിൽ ആകെയുള്ളത് നാല് താലൂക്കുകൾ മാത്രമാണെന്നും 39 വില്ലേജുകൾ ഉൾപ്പെടുന്ന കോഴിക്കോട് താലൂക്കിലെ ജനസംഖ്യാബാഹുല്യവും വിസ്തൃതിയും കാരണം ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, 2027ലെ സെൻസസ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ ഭരണ യൂനിറ്റുകളുടെ അതിർത്തികളിൽ യാതൊരു മാറ്റവും വരുത്തരുതെന്ന് ഉത്തരവുള്ളതിനാൽ സെൻസസ് നടപടികൾ പൂർത്തിയാകുന്ന മുറക്ക് മാത്രമേ പുതിയ താലൂക്കുകൾ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. പുതിയ താലൂക്കുകൾ രൂപവത്കരിക്കുന്ന സാഹചര്യത്തിൽ കുന്ദമംഗലം ആസ്ഥാനമായുള്ള താലൂക്ക് സർക്കാർ സജീവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നേരത്തെ നിരവധി സംഘടനകൾ കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kundamangalam Renews Taluk Status Hope
Next Story