ഇവിടെ ഇനി കളിചിരികളില്ല; കുമ്മങ്കോട്ടെ അംഗൻവാടി അടച്ചുപൂട്ടി
text_fieldsനാദാപുരം പഞ്ചായത്ത് കുമ്മങ്കോട് പതിനേഴാം വാർഡിൽ അടച്ചുപൂട്ടിയ അംഗൻവാടി
നാദാപുരം: കുരുന്നുകളുടെ കളിചിരികൾകൊണ്ട് അക്ഷരമുറ്റം സജീവമാകുന്നതിനിടെ പഠനപ്രവർത്തനത്തിന് താഴിട്ട് അംഗൻവാടി. നാദാപുരം ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ പ്രവർത്തിക്കുന്ന അംഗൻവാടിയാണ് പൂട്ടിയത്. ഇതോടെ ഇരുപതിലധികം കുരുന്നുകളുടെ പഠനം നിലച്ചു.
25 വർഷങ്ങൾക്ക് മുമ്പാണ് അംഗൻവാടി പ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ സ്വന്തം കെട്ടിടം ലഭ്യമാക്കാത്തതിനാൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. വീട്ടുമുറ്റം, വാടകക്കെട്ടിടം, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലെല്ലാം താൽക്കാലിക ഷെഡുകൾ പണിതാണ് കുരുന്നുകൾ അക്ഷരാഭ്യാസം നേടിയിരുന്നത്.
ഒടുവിൽ നാലുവർഷം മുമ്പാണ് സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽ അംഗൻവാടി പ്രവർത്തനം നടത്താൻ സൗകര്യം ഒരുക്കുന്നത്. സ്ഥലം ഒഴിയാനുള്ള ഉടമയുടെ നിർബന്ധത്തിനു മുന്നിൽ പഠനസംവിധാനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. കുട്ടികളെ പഠിപ്പിച്ചിരുന്ന അധ്യാപികയെ പഞ്ചായത്തിലെ മറ്റൊരു അംഗൻവാടിയിലേക്ക് മാറ്റിനിയമിച്ചു.
വയോധികർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ പ്രാഥമികാരോഗ്യ പരിപാലനത്തിനാവശ്യമായ വസ്തുക്കൾ സർക്കാർതലത്തിൽ ലഭ്യമാക്കിയിരുന്ന ഈ കേന്ദ്രം അടച്ചുപൂട്ടിയതോടെ അഞ്ഞൂറിലധികം വീടുകളുള്ള വാർഡിലെ താമസക്കാർ മറ്റു സ്ഥലങ്ങൾ തേടിപ്പോകേണ്ട സ്ഥിതിയായി.