ഇത് മായം ചേര്‍ക്കാത്ത വിജയം; 15 വര്‍ഷം പിന്നിട്ട് കുടുംബശ്രീ ഹോം ഷോപ്
text_fieldsകുടുംബശ്രീ ഹോം ഷോപ് പദ്ധതി അംഗം ഉൽപന്നങ്ങൾ വീടുകളിൽ വിൽപന നടത്തുന്നു
കോഴിക്കോട്: മായം ചേര്‍ക്കാത്ത നാടന്‍ ഉൽപന്നങ്ങള് ഹോം ഷോപ് എന്ന പേരില്‍ വീടുകളിലെത്തിച്ച് ജീവിത വിജയം കൊയ്ത് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. വിപണനത്തില്‍ ബദല്‍നയം വികസിപ്പിച്ചെടുത്ത് വിജയകരമായ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഹോം ഷോപ്പ് പദ്ധതിയിലൂടെ ആഗസ്റ്റില്‍ മാത്രം ജില്ലയില്‍ നടന്നത് 1.10 കോടി രൂപയുടെ കച്ചവടമാണ്.
‘നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യം അന്വർഥമാക്കി പരിശുദ്ധമായ നാട്ടുരുചികള്‍ വിപണിയിലെത്തിക്കുന്ന ഹോം ഷോപ്പുകള്‍ ഷോപ്പ് ഉടമകള്‍, ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, ഓഫിസ് സ്റ്റാഫുകള്‍, മാനേജ്മെന്റ് ടീം തുടങ്ങി വിവിധ തട്ടുകളിലായി 1500ല്‍ അധികം പേര്‍ക്കാണ് ഉപജീവനമാര്‍ഗം തീര്‍ക്കുന്നത്. മൂന്ന് ഉല്പാദന യൂനിറ്റുകളും ഏഴ് ഉല്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2010 ജൂലൈ 29ന് കൊയിലാണ്ടിയില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇന്ന് നിർമിക്കുന്നത് 130ലധികം വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ്.
60ലധികം ഉല്പാദന യൂനിറ്റുകളും പദ്ധതിക്കു കീഴിലുണ്ട്. 500 ഓളം വനിതകളാണ് വീടുകളില്‍ നേരിട്ട് ഉൽപന്നങ്ങള് എത്തിക്കുന്നത്. പദ്ധതി സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഹോംഷോപ് പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ശനിയാഴ്ച ബാലുശ്ശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

