കെ.ടി.എക്സ് മേളക്ക് ഉജ്ജ്വല സമാപനം
text_fieldsകോഴിക്കോട്: മലബാറിലെ യുവതക്കുമുന്നിൽ വിവര സാങ്കേതിക മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തിയ കേരള ടെക്നോളജി എക്സ്പോക്ക് (കെ.ടി.എക്സ്) ഉജ്ജ്വല സമാപനം. വൻ ജനപങ്കാളിത്തമാണ് മൂന്നുദിവസം നീണ്ട മേളയിൽ ദൃശ്യമായത്. അടുത്തവർഷം ഇതിലും വിപുലമായ രീതിയിൽ മേള സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദി കോൺസുലേറ്റ് മേധാവി യാസർ മുബാറക് അൽ യാമി സമാപന ദിവസം എത്തിയത് മേളക്ക് തിളക്കമേറ്റി.
മൂന്നുദിവസങ്ങളിലായി നടന്ന മേളയിൽ 6000ത്തിൽ അധികംപേർ രജിസ്റ്റർ ചെയ്തു. 9000ത്തോളം പേർ മേള കാണാനെത്തി. സമാപന സമ്മേളനം കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കകം കോഴിക്കോട് ഇന്ത്യയുടെ ഐ.ടി ഹബ്ബായി മാറുമെന്ന് അവർ പറഞ്ഞു.
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു നഗരങ്ങളെ മറികടന്ന് കോഴിക്കോട് മുന്നേറും. അടുത്തവർഷം കൂടുതൽപേർ മേളക്കെത്തുമെന്നാണ് വിശ്വാസം. സരോവരം ബയോപാർക്കിലെ ഓപൺ സ്റ്റേജ് അടക്കം പ്രയോജനപ്പെടുത്തുന്ന രീതിയിൽ മാറ്റാൻ കഴിയും. നഗരത്തിൽ രണ്ട് ഐ.ടി പാർക്കുകളാണുള്ളത്. അത് വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.
മലബാർ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. മെഹ്ബൂബ്, സെക്രട്ടറി അഖിൽകൃഷ്ണ, കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് ചെയർമാൻ അജയൻ കെ. ആനാട്ട്, അനിൽ ബാലൻ എന്നിവർ പങ്കെടുത്തു. കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് വൈസ് ചെയർമാൻ അരുൺ കുമാർ സ്വാഗതവും കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
ഡിജിറ്റലൈസേഷൻ ഐ.ടി രംഗത്തിന് ഗുണകരമാകും -രാജേഷ് നമ്പ്യാർ
കോഴിക്കോട്: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഡിജിറ്റലൈസേഷനിലേക്കു മാറുന്നത് ഐ.ടി രംഗത്ത് വരുംകാലത്തുള്ള അപാര സാധ്യതകളിലേക്കുള്ള സൂചകമാണെന്ന് നാസ് കോം ചെയർപേഴ്സൻ രാജേഷ് നമ്പ്യാർ. കെ.ടി.എക്സ് എക്സ്പോ വേദിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഐ.ടി രംഗം വൻകിട നഗരങ്ങളിൽനിന്ന് ചെറുകിട നഗരങ്ങളിലേക്കുകൂടി വളരുകയാണ്. കോഴിക്കോട് പോലുള്ള നഗരങ്ങൾക്ക് വരുംകാല ഐ.ടി ഭൂപടത്തിൽ ഏറെ സാധ്യതയുണ്ട്. ലോകത്തെ പ്രധാന 500 ഫോർച്യൂൺ കമ്പനികൾ നാസ്കോമിന്റെ അംഗങ്ങളുമായി ബിസിനസ് നടത്തുന്നവരാണ്.
കഴിഞ്ഞ വർഷം ആഭ്യന്തര മാർക്കറ്റ് രംഗത്താണ് കൂടുതൽ വളർച്ച ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം. മെഹ്ബൂബ്, ഡോ. സന്തോഷ് ബാബു, അജയൻ അനാട്ട്, സുജിത്ത് ഉണ്ണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

