കെ.എസ്.ആർ.ടി.സി ടെർമിനൽ; ബസ് സ്റ്റാൻഡിലെ പരസ്യങ്ങൾ നീക്കണമെന്ന് അലിഫ്
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനലിലെ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച പരസ്യങ്ങൾ എടുത്തുമാറ്റണമെന്ന ആവശ്യവുമായി പാട്ടക്കാരായ അലിഫ് ബിൽഡേഴ്സ് കോടതിയിൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം സ്ഥാപിച്ച സ്വകാര്യ ഡിജിറ്റൽ പരസ്യ ബോർഡുകളും പോസ്റ്ററുകളും പോൾസുകളും എടുത്തുമാറ്റാൻ നിർദേശിക്കണമെന്നാണ് അലിഫ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.ടി.ഡി.എഫ്.സിയുമായുള്ള കാരാർ പ്രകാരം ടെർമിനലിൽ പാട്ടക്കാരായ തങ്ങൾക്കു മാത്രമേ ബിസിനസ് നടത്താൻ അനുവാദമുള്ളൂവെന്നും മറ്റുള്ളവ നിയമവിരുദ്ധമാണെന്നുമാണ് അലിഫിന്റെ വാദം. ടെർമിനലിൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന തറനില ഒഴികെയുള്ള ഭാഗങ്ങളാണ് കെ.ടി.ഡി.എഫ്.സി അലിഫ് ബിൽഡേഴ്സിന് കൈമാറിയത്. എന്നാൽ, കെട്ടിട സമുച്ചയം ഒറ്റ ബിസിനസ് യൂനിറ്റായി കണക്കാക്കിയാണ് കൈമാറിയതെന്നും ബസ് സ്റ്റാൻഡിലടക്കം മറ്റ് ബിസിനസ് അനുവദിക്കുന്നത് കരാറിന് വിരുദ്ധമാണെന്നുമാണ് അലിഫ് വാദിക്കുന്നത്.
സ്റ്റാൻഡിൽ കെ.ടി.ഡി.എഫ്.സി വീണ്ടും പ്രവർത്തനാനുമതി നൽകിയ കിയോസ്കുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അലിഫ് നേരത്തേ തന്നെ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ ഹരജി. സ്വകാര്യ കമ്പനികളിൽനിന്ന് പരസ്യം സ്വീകരിച്ച് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയെന്ന കെ.എസ്.ആർ.ടി.സിയുടെ പുതിയ നയം കോഴിക്കോട് ഡിപ്പോയിൽ നടപ്പാക്കുന്നത് തടയുന്നതാണ് കരാറുകാരുടെ നീക്കം. നിലവിൽ സ്വകാര്യ കമ്പനികൾക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കാമെന്ന വ്യവസ്ഥയിൽ യാത്രക്കാർക്കായി എ.സി വിസിറ്റേഴ്സ് ലോഞ്ചും മൊബൈൽ ചാർജർ യൂനിറ്റും സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുണ്ട്.
അലിഫിന്റെ വാദം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇവയും മാറ്റേണ്ടിവരും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കാനുള്ള ഭാവിനീക്കങ്ങളെയും തടയിടുന്നതാണ് അലിഫിന്റെ പുതിയ നീക്കം.
2021ൽ കെട്ടിടം അലിഫിന് കൈമാറിയതിന് പിന്നാലെ സ്റ്റാൻഡിലെ കിയോസ്കുകൾ പൊളിച്ചുനീക്കിയിരുന്നു. ഒരു വർഷം മുമ്പാണ് ഇതിന് കെ.ടി.ഡി.എഫ്.സി വീണ്ടും പ്രവർത്തനാനുമതി നൽകിയത്. ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന തറനില പാട്ടക്കാർക്ക് കൈമാറിയിട്ടില്ലെന്നതിനാലാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ പരസ്യങ്ങൾ അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

