കോഴിക്കോട്: കൈ കാണിച്ചാൽ നിർത്താതെ, മനുഷ്യപ്പറ്റില്ലാതെ, കാലിയടിച്ച് പോകുന്നവരെന്ന ചീത്തപ്പേരൊക്കെ കെ.എസ്.ആർ.ടിസിക്കുണ്ടായിരുന്നു. അതെല്ലാം പഴങ്കഥ. കോവിഡ് വന്നാലും വിമാനം ഇടിച്ചിറങ്ങിയാലും രക്ഷയുടെ സ്റ്റിയറിങ് പിടിച്ച് കെ.എസ്.ആർ.ടി.സി ജനങ്ങളോടൊപ്പമുണ്ട്. കരിപ്പൂരിൽ വിമാനദുരന്തമുണ്ടായപ്പോൾ കാരുണ്യത്തിെൻറയും സഹജീവിസ്നേഹത്തിെൻറയും റൺവേയിലൂടെ കെ.എസ്.ആർ.ടി.സിയും പാഞ്ഞെത്തി.
വന്ദേഭാരത് മിഷൻ വിമാനത്തിൽ വരുന്ന യാത്രക്കാരെ വിവിധ ദേശങ്ങളിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ട കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാരും ആഗസ്റ്റ് ഏഴിെൻറ ദുരന്തത്തിൽ സജീവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അവിടെയുണ്ടായിരുന്ന ഡ്രൈവർ സത്യൻ അമാരനും മറ്റു ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അപകട സ്ഥലത്തേക്ക് ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
നടുമുറിഞ്ഞ വിമാനത്തിനുള്ളിൽ കടന്ന് പരിക്കേറ്റ അഞ്ചു യാത്രക്കാരെ പുറത്തെത്തിച്ചത് സത്യൻ അമാരനായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോഴിക്കോട് യൂനിറ്റിൽനിന്നും മറ്റു സമീപ യൂനിറ്റുകളിൽനിന്നും 10 കെ.എസ്.ആർ.ടി.സി ബസുകളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചു. കോഴിക്കോട് യൂനിറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ഡ്രൈവർമാരും വിവരമറിഞ്ഞ് സ്വമേധയാ ഡ്യൂട്ടിക്കെത്തി. കരിപ്പൂർ വിമാനത്താവളത്തിലെ സർവിസ് നടത്തിപ്പിെൻറ ചുമതലയുള്ള സോണൽ ട്രാഫിക് ഒാഫിസർ ജോഷി ജോണിെൻറ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ.
ദുരന്തത്തെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങാതെ കണ്ണൂരിൽ ഇറങ്ങിയ വിമാനങ്ങളിലെ യാത്രികരെയും യഥാസമയം നാടുകളിലെത്തിക്കാനും കെ.എസ്.ആർ.ടി.സി സജീവമായിരുന്നു.