ആനവണ്ടിയിൽ കോഴിക്കോട് കാണാം; ഡബ്ൾ ഡക്കർ സാധ്യത ആരായുന്നു
text_fieldsകോഴിക്കോട്: നഗരത്തെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി വിനോദയാത്രാവണ്ടി. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് പ്ലാനറ്റേറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ പള്ളി, കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി, ഇംഗ്ലീഷ് പള്ളി.
മാനാഞ്ചിറ സ്ക്വയർ വഴിയുള്ള യാത്ര എല്ലാ ദിവസവും ഉച്ചക്ക് ഒന്നിന് ആരംഭിക്കുമെന്ന് ബജറ്റ് ടൂറിസം ജില്ല കോഓഡിനേറ്റർ പി.കെ. ബിന്ദു അറിയിച്ചു. സ്റ്റാൻഡിൽനിന്നു മാത്രമേ ആളെ കയറ്റുകയുള്ളൂ. വൈകീട്ട് 5.30 വരെ യാത്ര നീളും. പരീക്ഷണമെന്ന നിലയിലാണ് പദ്ധതി തുടങ്ങുന്നത്.
35 സീറ്റുള്ള ബസാണ് ഇതിനായി ഉപയോഗിക്കുക. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. ബുക്കിങ് സൗകര്യം ലഭ്യമാണ്. ഫെബ്രുവരി ഒന്നുമുതൽ വണ്ടി ഓടിത്തുടങ്ങും. ഡബ്ൾ ഡക്കർ ബസ് ഉപയോഗിക്കാനാവുമോയെന്ന കാര്യം ആലോചിക്കുന്നു.
നഗരത്തിൽ ബസ് കടന്നുപോവുന്ന റൂട്ടുകളിൽ വൈദ്യുതിലൈനുകളും മരങ്ങളും മറ്റും പരിശോധിച്ചശേഷമേ അന്തിമ തീരുമാനമുണ്ടാവൂ. ബജറ്റ് ടൂറിസം സംസ്ഥാന കോഓഡിനേറ്റർക്കാണ് അപേക്ഷ നൽകിയത്. ‘ആനവണ്ടിയിൽ സാമൂതിരിയുടെ നാട്ടിൽക്കൂടി ഒരു യാത്ര’ എന്നതാണ് പദ്ധതി. ബസ് ടിക്കറ്റിൽനിന്നുള്ള വരുമാനത്തിനു പുറമേ കെ.എസ്.ആർ.ടി.സിയുടെ വരവ് വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.
വനിതകൾക്കു മാത്രമായി ഉല്ലാസയാത്ര
ബജറ്റ് ടൂറിസം സെൽ ജില്ലയിൽനിന്ന് അന്താരാഷ്ട്ര വനിതദിനത്തോടനുന്ധിച്ച് മാർച്ച് ആറു മുതൽ 22 വരെ സ്ത്രീകൾക്കു മാത്രമായി ഉല്ലാസയാത്ര സംഘടിപ്പിക്കും. വനിതകൾക്ക് ഒറ്റക്കും കൂട്ടായും ഈ യാത്രയിൽ പങ്കെടുക്കാം. ‘സുഖയാത്ര, സുരക്ഷിത യാത്ര’ എന്നതാണ് മുദ്രാവാക്യം.
ടൂർ പാക്കേജുകൾ: 1) മാമലകണ്ടം, മൂന്നാർ 2) വാഗമൺ, കുമരകം 3) ഗവി, പരുന്തൻപാറ 4) നെല്ലിയാമ്പതി, മലക്കപ്പാറ. വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പറശ്ശിനിക്കടവ്, വണ്ടർലാ, പെരുവണ്ണാമുഴി-ജാനകിക്കാട്-കരിയാത്തൻപാറ, വയനാട്-ജംഗിൾ സഫാരി, ആഡംബരക്കപ്പലായ നെഫ്രിറ്റി, മലമ്പുഴ, തൃശൂർ മ്യൂസിയം എന്നിവിടങ്ങളിലെല്ലാം യാത്ര പോകാം.
ട്രിപ്പുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ഉറപ്പുവരുത്താം. രാവിലെ 9.30 മുതൽ രാത്രി ഒമ്പതു വരെ 9544477954, 9846100728, 8589038725, 9961761708 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

