കെ.എസ്.ആർ.ടി.സി ഡീസൽക്ഷാമവും യാത്രാദുരിതവും തുടരുന്നു
text_fieldsകോഴിക്കോട്: ഡീസൽക്ഷാമം രൂക്ഷമായതോടെ കെ.എസ്.ആർ.ടി.സി ബസ് സർവിസുകളില്ലാതെ യാത്രക്കാരുടെ ദുരിതം തുടരുന്നു. ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് സ്വകാര്യ ബസുകാർക്ക് നേട്ടമായി. മിക്കയിടത്തും ഓർഡിനറി, ടി.ടി സർവിസുകളാണ് റദ്ദാക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകാത്തതിനാൽ സ്വകാര്യ പമ്പുകളിൽനിന്നാണ് ശനിയാഴ്ച ഡീസലടിച്ചത്. ബസിന്‍റെ കലക്ഷനുപയോഗിച്ച് ഡീസൽ നിറക്കാനാണ് ജീവനക്കാർക്ക് ലഭിച്ച നിർദേശം.
മാവൂർ റോഡ് ടെർമിനലിൽനിന്ന് പുറപ്പെടുന്ന കോഴിക്കോട് ഡിപ്പോയിൽ ഡീസൽക്ഷാമം കാര്യമായി ബാധിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആറു സർവിസ് മാത്രമാണ് വെട്ടിച്ചുരുക്കിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളാണിവ. സിവിൽ സപ്ലൈസ് കോർപറേഷന്‍റെ പമ്പിൽനിന്നാണ് ശനിയാഴ്ച ഡീസൽ കിട്ടിയത്. ഞായറാഴ്ച ഓർഡിനറി ബസുകളൊന്നും ഓടേണ്ടെന്നാണ് നിർദേശം. നിലവിൽ രാത്രി പത്തിന് ശേഷം ബസുകൾ പലതും ഓടാറില്ല. യാത്രക്കാർ പരാതി നൽകിയിട്ടും അധികൃതർ കൈമലർത്തുകയാണ്.
വടകര ഡിപ്പോയിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. ആകെയുള്ള 22 ഷെഡ്യൂളുകളിൽ ശനിയാഴ്ച ഓടിയത് നാലെണ്ണം മാത്രം. കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, തിരുവനന്തപുരം ബസുകളാണ് വടകരയിൽ നിന്ന് സർവിസ് നടത്തിയത്. ഉൾപ്രദേശങ്ങളിലേക്കടക്കം ബസുകൾ ഓടാതിരുന്നതിൽ പ്രതിഷേധം ശക്തമാണ്.
തൊട്ടിൽപാലത്ത് ആകെയുള്ള 34ൽ 15 ഷെഡ്യൂൾ മാത്രമാണ് ശനിയാഴ്ച ഓടിയത്. കോഴിക്കോട്ടേക്കും വടകരക്കുമുള്ള ബസുകൾ ഓടിയില്ല. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

