കെ.എസ്.ആർ.ടി.സി വിനോദവണ്ടി യാത്ര തുടങ്ങി
text_fieldsകോഴിക്കോട്: മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങി. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ആരംഭിച്ച ബസ് സർവിസ് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു.
ചരിത്രസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നതിലൂടെ വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കാനാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്രപ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്.
കാപ്പാട് പോലെ ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ബസ് സർവിസുകൾ നടത്തിയാൽ ഉചിതമായിരിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം ജില്ല കലക്ടറും ആനവണ്ടിയിൽ നഗരം ചുറ്റി.
കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് ‘നഗരം ചുറ്റാം ആനവണ്ടിയിൽ’ എന്ന യാത്ര. ബജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200ഓളം ട്രിപ്പുകൾ ആണ് ജില്ലയിൽ നടത്തുക.
ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശ്യം. ദിവസവും ഒരു ബസ് സർവിസാണുണ്ടാവുക. 200 രൂപയാണ് ചാർജ്. ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ടുവരെ നഗരം ചുറ്റിക്കാണാം. 30 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് നാളത്തെ യാത്ര.
‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’യിൽ പോകാൻ ആഗ്രഹിക്കുന്നവർ 9846100728, 9544477954 എന്നെ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്.
ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ. യൂസഫ്, കെ.എസ്.ആർ.ടി.സി ജില്ല ഓഫിസർ പി.കെ. പ്രശോഭ്, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ബി.ടി.സി ജില്ല കോഓഡിനേറ്റർ പി.കെ. ബിന്ദു സ്വാഗതവും ഇ.എസ്. ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.