പച്ചവെള്ളംപോലും കിട്ടാതെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്
text_fieldsകോഴിക്കോട്: ആയിരക്കണക്കിന് യാത്രികർ വന്നിറങ്ങുന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ആകെയുണ്ടായിരുന്ന രണ്ട് ടീ സ്റ്റാളുകൾ അധികൃതർ പൊളിച്ചുമാറ്റിയതോടെ പച്ചവെള്ളംപോലും കിട്ടാത്ത അവസ്ഥ. 24 മണിക്കൂറും ബസ് സർവിസുകളുള്ള സ്റ്റാൻഡിൽ ചായ, കടി, അവശ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന രണ്ട് കടകളാണ് പൊളിച്ചുമാറ്റിയത്. ബസ്സ്റ്റാൻഡ് നടത്തിപ്പുകാരായ കെ.ടി.ഡി.എഫ്.സി വലിയ വാടക നിശ്ചയിച്ച് നൽകിയ കടകളാണ് കഴിഞ്ഞ ഞായറാഴ്ച പൊലീസ് സംരക്ഷണയിൽ എത്തി പൊളിച്ചുകൊണ്ടുപോയത്.
ഒരു വർഷം മുമ്പാണ് ഇവിടെ കടകൾ തുടങ്ങിയത്. പ്രവർത്തനം തുടങ്ങി വർഷങ്ങളോളം ചായയും വെള്ളവും കിട്ടാത്ത ബസ്സ്റ്റാൻഡ് ആയിരുന്നു ഇത്. വീണ്ടും ബസ്സ്റ്റാൻഡ് കെട്ടിടസമുച്ചയം പാട്ടത്തിന് കൊടുക്കൽ നടപടികൾ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് മികച്ച വാടക ഇടാക്കി കെ.ടി.ഡി.എഫ്.സി നേരിട്ട് കടകൾ 15 വർഷത്തേക്ക് വാടകക്ക് നൽകിയത്. വർഷം തോറും പുതുക്കണമെന്ന വ്യവസ്ഥയിലായിരുന്നു കൈമാറ്റം.
അലിഫ് ബിൽഡേഴ്സ് എന്ന സ്ഥാപനത്തിന് തുച്ഛവില കണക്കാക്കി വ്യാപാരസമുച്ചയം പാട്ടത്തിന് നൽകിയതോടെയാണ് നിലവിലെ കച്ചവടക്കാരെ ഇവിടെനിന്ന് പുറത്താക്കാനുള്ള നടപടികൾ ഉണ്ടായത്. ടീ സ്റ്റാളുകൾകൂടി അവർക്ക് നൽകുന്നതിന്റെ ഭാഗമാണ് അപ്രതീക്ഷിതമായി കടകൾ പൊളിച്ചു നീക്കിയത്. ബസ്സ്റ്റാൻഡ് കെട്ടിടം ബലപ്പെടുത്തൽ പ്രവൃത്തി കഴിഞ്ഞാലേ ഇനി അലിഫ് ബിൽഡേഴസിനും ഇവിടെ കടകൾ ആരംഭിക്കാനാവൂ.
അതുവരെ അവരുമായുള്ള ഇടപാടുകൾ സർക്കാർ റദ്ദ് ചെയ്തതാണ്. ബലപ്പെടുത്തലിനായി ബസ്സ്റ്റാൻഡ് ഇവിടെനിന്ന് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ. കട്ടൻചായ കുടിക്കണമെങ്കിൽ ബസ്സ്റ്റാൻഡിന് പുറത്ത് മാവൂർ റോഡിലെ ഹോട്ടലുകളെ ആശ്രയിക്കുകയേ ഇനി നിർവാഹമുള്ളൂ. ദീർഘദൂര യാത്രികരാണ് ഇതിൽ ഏറെ പ്രയാസപ്പെടുക. പുറത്തുപോയി ഭക്ഷണം കഴിച്ച് വരാനുള്ള സമയം അവർക്കുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

