ബജറ്റ് ടൂർ സൂപ്പർഹിറ്റ്; കെ.എസ്.ആർ.ടി.സി നേടിയത് ഒന്നേകാൽ കോടി
text_fieldsകോഴിക്കോട്: വൻ ഹിറ്റായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർ പാക്കേജ്. ആരംഭിച്ച് ഒരു വർഷത്തിനകം ഒന്നേകാൽ കോടി രൂപയാണ് ഇതുവഴി കെ.എസ്.ആർ.ടി.സി സമ്പാദിച്ചത്. കുറഞ്ഞ സമയം കൊണ്ട് യാത്രാപ്രേമികളെ ആകര്‍ഷിച്ച കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകള്‍ക്ക് ജില്ലയില്‍ ആരാധകവൃന്ദം തന്നെയുണ്ട്.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മാർച്ച് അഞ്ച് മുതൽ 13 വരെ നടത്തിയ ടൂർ പാക്കേജുകളിൽ സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്താണ് ജില്ല. സ്ത്രീകൾമാത്രം ഉൾപ്പെടുന്ന 13 യാത്രകളാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചത്. വേനലവധിയും ഈസ്റ്റര്‍, പെരുന്നാള്‍, വിഷു ആഘോഷങ്ങളും ഒന്നിച്ചെത്തുന്ന ഈ മാസം നിരവധി പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചത്.
വേനലവധി ആഘോഷമാക്കാന്‍ ഏപ്രില്‍, മേയ് മാസങ്ങളിലായി 50ഓളം യാത്രകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയത്. കൊച്ചി കപ്പല്‍ യാത്രക്ക് പുറമെ ഗവി, മൂന്നാര്‍, നെല്ലിയാമ്പതി, വാഗമണ്‍, മാമലക്കണ്ടം, കുമരകം, ആലപ്പുഴ ഹൗസ് ബോട്ടിങ്, കമ്പം മുന്തിരിത്തോപ്പ് ജീപ്പ് സവാരി, വയനാട് തൊള്ളായിരംകണ്ടി, പെരുവണ്ണാമൂഴി, കരിയാത്തുംപാറ, മലക്കപ്പാറ, മലമ്പുഴ, തൃശ്ശൂര്‍, ചാവക്കാട്, നിലമ്പൂര്‍, മൂകാംബിക എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് ഒരുക്കുന്നത്. താമരശ്ശേരി, കോഴിക്കോട്, വടകര ഡിപ്പോകളില്‍നിന്നാണ് യാത്രകള്‍. തിരുവമ്പാടി ഡിപ്പോയില്‍നിന്നുള്ള ആദ്യ യാത്ര 18ന് ആരംഭിക്കും. സംസ്ഥാനമൊട്ടാകെ 1500 വിനോദ യാത്രകളാണ് ഒരുക്കുന്നത്. ഇതിനായുള്ള ടൂര്‍ കലണ്ടര്‍ അന്തിമ ഘട്ടത്തിലാണ്.
ഏപ്രിൽ എട്ടു മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര ആരംഭിച്ചിരിക്കുകയാണ്. മൂകാംബികക്കൊപ്പം കുടജാദ്രി, ഉഡുപ്പി എന്നിവിടങ്ങളിലേക്കുകൂടി യാത്ര നടത്തിയാണ് ഇതിന് തുടക്കം കുറിച്ചത്. കോഴിക്കോടുനിന്നുള്ള കെ.എസ്.ആർ.ടി.സി വിനോദയാത്രകളില്‍ ഇതുവരെ പങ്കാളികളായത് 7842 പേരാണ്. ഏറ്റവും കൂടുതല്‍ വിനോദ യാത്രകള്‍ നടത്തുന്നതും കൂടുതല്‍ ആവശ്യക്കാരുള്ളതും മൂന്നാറിലേക്കാണ്.
കുറഞ്ഞ ചെലവില്‍ അവതരിപ്പിച്ച തീർഥാടനയാത്രകള്‍ ഇരുകൈയും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. വേളാങ്കണ്ണിക്കുള്ള അന്വേഷണങ്ങള്‍ നിരവധിയാണ്. താമസിയാതെ വേളാങ്കണ്ണി യാത്രയും ആരംഭിക്കും. ഒരു വട്ടം യാത്രചെയ്തവർതന്നെയാണ് വീണ്ടും വീണ്ടും യാത്രക്കായി വരുന്നത്. യാത്രക്കാർ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞ് കൂടുതൽ പേരുമായി അടുത്ത തവണയെത്തുകയാണ് പതിവെന്നും കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍ ബിന്ദു പറഞ്ഞു. സ്ത്രീകൾക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കാനും ഒറ്റപ്പെടൽ ഒഴിവാക്കാനും ‘യാത്രയാണ് ലഹരി’ എന്ന പേരിൽ കൂടുതൽ യാത്രകൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

