ഒടുവിൽ സ്കൂളിന് മുകളിലെ വൈദ്യുതി ലൈൻ മാറ്റി കെ.എസ്.ഇ.ബി
text_fieldsമാധ്യമം ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർത്ത
കൂടരഞ്ഞി: 13 വർഷം സ്കൂൾ മൈതാനത്തിന് മുകളിൽ തുടർന്ന വൈദ്യുതി ലൈൻ ഒടുവിൽ കെ.എസ്.ഇ.ബി കൂമ്പാറ സെക്ഷൻ ഓഫീസ് അധികൃതർ മാറ്റി സ്ഥാപിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയായ വൈദ്യുതി ലൈനാണ് കെ.എസ്.ഇ.ബി അധികൃതർ മാറ്റി സ്ഥാപിച്ചത്. സ്കൂളിന് വൈദ്യുതി ലൈൻ ഭീഷണിയായത് സംബന്ധിച്ച് ശനിയാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി മിഥുൻ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചതോടെ കെ.എസ്.ഇ.ബിക്ക് സർക്കാർ ജാഗ്രത നിർദേശം നൽകിയിരുന്നു.
പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിനും സ്റ്റേജിനും ഇടയിലാണ് വൈദ്യുതി ലൈനുണ്ടായിരുന്നത്. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരോട് പി.ടി.എ അവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. 2012 ലാണ് പ്രദേശത്ത് വെദ്യുതി എത്തിയത്. 13 വർഷമായി വൈദ്യുതി ലൈൻ സ്കൂൾ മൈതാനത്തിന് മുകളിലൂടെയാണ് കടന്ന് പോകുന്നത്. അന്ന് സാങ്കേതിക തടസം ഉന്നയിച്ചാണ് കെ.എസ്.ഇ.ബി. വൈദ്യുതി ലൈൻ സ്കൂളിന് സമീപമാക്കിയത്. ലൈൻ മാറ്റി സ്ഥാപിക്കാൻ 33,000 രൂപ അടക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പണമടക്കാതെയാണ് കെ.എസ്.ഇ.ബി അധികൃതർ ധ്രുതഗതിയിൽ ലൈൻ മാറ്റി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

