എന്നു തീരും വയനാട്ടുകാരുടെ യാത്രാ ദുരിതം
text_fieldsകോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വയനാട് ഭാഗത്തേക്കുള്ള ട്രാക്ക് ഒഴിഞ്ഞുകിടക്കുന്നു
കോഴിക്കോട്: കോഴിക്കോട്-വയനാട് ദേശസാൽകൃത റൂട്ടിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ട്രെയിൻ സർവിസ് ഇല്ലാത്ത വയനാട്ടിലേക്ക് ചുരം കയറാനുള്ള ഏക മാർഗം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ്. യഥേഷ്ടം ട്രെയിൻ സർവിസുള്ള തൃശൂർ, പാലക്കാട് ഭാഗത്തേക്ക് സർവിസ് നടത്താനുള്ള താൽപര്യം വയനാടിനോട് കെ.എസ്.ആർ.ടി.സി കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് യാത്രക്കാരെ പലപ്പോഴും പെരുവഴിയലാക്കുന്നു.
വൈകീട്ടും രാത്രിയും വയനാട്ടിലേക്ക് ബസ് കിട്ടാൻ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഏറെ കാത്തിരിപ്പിനു ശേഷം എത്തുന്ന ബസുകളിൽ തിരക്കു കാരണം കയറിപ്പറ്റാൻ യാത്രക്കാർ മല്പിടിത്തം നടത്തുന്നതും പതിവു കാഴ്ചയാണ്. വാരാന്ത്യ ദിവസങ്ങളിലാണ് യാത്രക്കാർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ജില്ലകൾ മാറി ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും വിദ്യാർഥികളും നാട്ടിലേക്ക് യാത്രചെയ്യുന്ന ദിവസങ്ങളായതിനാൽ യാത്രക്കാരുടെ എണ്ണവും വളരെ കൂടുതലായിരിക്കും. ഇവർ ഒഴിഞ്ഞ ട്രാക്കുകളിലിറങ്ങി ബസ് കാത്തിരിക്കുന്നതും സ്റ്റാൻഡിലെത്തുന്ന ബസിൽ കയറിപ്പറ്റാൻ തിരക്കുകൂട്ടുന്നതും പതിവ് കാഴ്ചയാണ്. സ്റ്റാൻഡിൽനിന്ന് എടുക്കുമ്പോൾതന്നെ ബസിന്റെ ചവിട്ടുപടിയിൽവരെ ആളുകൾ നിന്നുയാത്രചെയ്യുന്നത് കാണാൻ സാധിക്കും.
ആവശ്യത്തിന് ലോക്കൽ ലിമിറ്റഡ് സർവിസുകൾ ഇല്ലാത്തതുകാരണം താമരശ്ശേരി, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്വകാര്യ ബസുകൾ ലൈൻ സർവിസ് നടത്താത്ത റൂട്ടിൽ മറ്റ് മലയോര മേഖലകളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ ടാക്സികളിലും കുന്ദമംഗലത്തെത്തി അവിടെനിന്ന് മെഡിക്കൽ കോളജ് വഴി വരുന്ന സ്വകാര്യ ബസുകളിൽ കയറിയാണ് താമരശ്ശേരി, ഈങ്ങാപ്പുഴ ഭാഗങ്ങളിലേക്ക് ആളുകൾ യാത്രചെയ്യുന്നത്. എന്നാൽ, ആവശ്യത്തിന് സർവിസുകൾ നടത്തുന്നുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ നൽകുന്ന വിശദീകരണം.
കോവിഡ് ലോക്ഡൗണിൽ വെട്ടിക്കുറച്ച ഷെഡ്യൂളുകളെല്ലാം തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽനിന്നുള്ള ബസുകളും വയനാട്ടിലേക്ക് സർവിസ് നടത്തുന്നുണ്ട്. ദീർഘദൂര സർവിസ് നടത്തുന്ന ബസുകൾ റോഡിലെ ഗതാഗതക്കുരുക്ക് കാരണം വഴിയിൽ കുടുങ്ങുന്നതാണ് ചില സമയങ്ങളിൽ യാത്രക്കാർക്ക് പ്രയാസം അനുഭവപ്പെടാൻ കാരണമെന്നും അധികൃതർ പറഞ്ഞു. ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും ബസുകൾ കൃത്യസമയത്ത് എത്താറില്ല. കൃത്യസമയത്ത് ബസുകൾ എത്തുമ്പോൾ ട്രാക്കിൽ ഇടമില്ലാത്ത അവസ്ഥയാണ് ഉണ്ടാവാറുള്ളതെന്നും കോഴിക്കോട് ഡി.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

