സാഹിത്യ നഗരം: കൂടുതൽ പദ്ധതികളൊരുക്കാൻ കോഴിക്കോട്
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം എന്ന പദവി ലഭിച്ച കോഴിക്കോട് യുനസ്കോയുടെ ഇത്തരം നഗര ശൃംഖലകളിൽ പെടുന്ന പട്ടണങ്ങളിലെ പ്രതിനിധികളുടെ ഇക്കൊല്ലത്തെ ഒത്തു ചേരലിൽ പങ്കെടുക്കും. പോർചുഗലിലെ ബ്രാഗ നഗരത്തിൽ നടക്കുന്ന ‘16ാമത് യുനസ്കോ ക്രിയേറ്റിവ് സിറ്റീസ് നെറ്റ് വർക്ക് വാർഷിക കോൺഫറൻസ് 2024 ലാണ് മേയറുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കുക. മേയർ ഡോ. ബീന ഫിലിപ്, കില അർബൻ ചെയർപേഴ്സൻ ഡോ. അജിത് കാളിയത്ത്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കോർപറേഷൻ കൗൺസിൽ അനുമതി നൽകി.
നഗരസഭയുടെ ചെലവിലാവും പ്രതിനിധികൾ ജൂലൈ ഒന്നു മുതൽ അഞ്ച് വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുക. സാഹിത്യ നഗരം പദ്ധതിയുമായി കൂടുതൽ മുന്നോട്ട് പോവാൻ അന്താരാഷ്ട്ര സമ്മേളനം വഴിയാവുമെന്നാണ് കോഴിക്കോടിന്റെ പ്രതീക്ഷ. പോർചുഗലിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണവും ഏഴാമത്തെ വലിയ മുനിസിപ്പാലിറ്റിയുമായ ബ്രാഗ 2017 മുതൽ യുനസ്കോയുടെ മീഡിയ ആർട്സ് സിറ്റി പദവി കിട്ടിയ നഗരമാണ്. വടക്കുപടിഞ്ഞാറൻ പോർചുഗീസ് ജില്ലയായ ബ്രാഗയുടെയും മിൻഹോ പ്രവിശ്യയുടെയും തലസ്ഥാനം കൂടിയാണ് ബ്രാഗ നഗരം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നേതൃത്വത്തിലുള്ള പദ്ധതി വഴി കോഴിക്കോടിന് സാഹിത്യ നഗരം പദവി കഴിഞ്ഞ കൊല്ലം ലഭിച്ചെങ്കിലും കാര്യമായ നടപടികളൊന്നും നടന്നിട്ടില്ല.
മൊത്തം 55 നഗരങ്ങൾക്കാണ് 2023ൽ വിവിധ വിഭാഗങ്ങളിൽ യുനസ്കോ പദവികൾ നൽകിയത്. കോഴിക്കോട് 545 ലൈബ്രറികളെയും 62 പബ്ലിക്ക് ലൈബ്രറികളെയുമെല്ലാം ഉൾപ്പെടുത്തി വലിയ പദ്ധതികൾ തയാറാക്കണം. സാഹിത്യനഗരം പദ്ധതിക്കായി കോർപറേഷൻ ബജറ്റിൽ ഒരു കോടി രൂപ നീക്കി വെച്ചിരുന്നു.
ലോകത്ത് ഇത് വരെ 54 നഗരങ്ങളാണ് സാഹിത്യനഗര പദവി കൈവരിച്ചത്. ഈ നഗരങ്ങളെല്ലാമായി കോഴിക്കോടിന് പ്രത്യേക ബന്ധം സ്ഥാപിക്കാനാവും. സാഹിത്യവുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വർധിപ്പിക്കുക, പ്രസിദ്ധീകരണാലയങ്ങളും വായനശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സാംസ്കാരിക സ്ഥാപനങ്ങളെയുമെല്ലാമടങ്ങിയ നഗരത്തിലെ സ്ഥാപനങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികളും കൂട്ടായ്മകളും രൂപപ്പെടുത്തുക, വ്യവസായ-വാണിജ്യസ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കി സാഹിത്യത്തിലൂടെ നഗര വളർച്ചക്ക് കളമൊരുക്കുക എന്നിവയാവും ഇനി മുഖ്യമായി ഒരുക്കേണ്ട പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

