കോഴിക്കോട് ആറുവരിപ്പാത 2024 ജനുവരിയോടെ പൂർത്തിയാക്കും
text_fieldsനിർമാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപാസ് റോഡ്
കോഴിക്കോട്: ഇടിമൂഴിക്കൽ-വെങ്ങളം ആറുവരിപ്പാത നിർമാണം 2024 ജനുവരിയോടെ പൂർത്തിയാക്കാൻ ദേശീയപാത അധികൃതരുടെ ഉന്നതതല യോഗത്തിൽ തീരുമാനം. എം.കെ. രാഘവൻ എം.പിയുടെ സാന്നിധ്യത്തിൽ ദേശീയപാത ഹെഡ് ക്വാർട്ടേഴ്സ് ഡി.ജി.എം നവീൻ മിശ്രയുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. 2018ൽ പ്രഖ്യാപിച്ച പദ്ധതി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, കരാർ ഏറ്റെടുത്ത ഹൈദരാബാദിലെ കെ.എം.സി കമ്പനിയുടേതടക്കം വിവിധ കാരണങ്ങളാൽ നിർമാണം നീളുകയായിരുന്നു.
പിന്നീടുള്ള ചർച്ചയിൽ 2022 ഫെബ്രുവരിയാകുമ്പോഴേക്കും 20 ശതമാനം നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും 11 ശതമാനമാണ് പൂർത്തിയായത്. ചൊവ്വാഴ്ചത്തെ ചർച്ചയിൽ അടുത്ത ഏപ്രിൽ 30നുള്ളിൽ 58 ശതമാനം പ്രവൃത്തിയും 2024 ജനുവരി 30ഓടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് തീരുമാനിച്ചത്.
നിർമാണം ദ്രുതഗതിയിലാക്കാനാവശ്യമായ വർക്ക് മാപ്പ് തയാറാക്കി. എല്ലാ മാസവും നിർമാണ പുരോഗതി സംബന്ധിച്ച അവലോകന യോഗവും ചേരും. എല്ലാ ദിവസവും പ്രോജക്ട് മാനേജർ പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കും.
കോഴിക്കോട് ബൈപാസിന്‍റെ നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയെ സമീപിച്ചതോടെ പദ്ധതി പുരോഗതി നേരിട്ടുകണ്ട് വിലയിരുത്തി ആവശ്യമായ നടപടി കൈക്കൊള്ളാൻ ചുമതലപ്പെടുത്തിയ പ്രകാരമാണ് നവീൻ മിശ്ര കോഴിക്കോട്ടെത്തിയത്.
28.5 കിലോമീറ്റർ നീളമുള്ള ദേശീയപാതയിൽ മാളിക്കടവിലും മാങ്കാവ് -മേത്തോട്ടുതാഴം -മെഡിക്കൽ കോളജ് റോഡ് ക്രോസ് ചെയ്യുന്ന ജങ്ഷനിലും പുതിയ അടിപ്പാതകൾ നിർമിക്കാൻ യോഗത്തിൽ തീരുമാനിച്ചതായി എം.പി അറിയിച്ചു.
പാറമ്മൽ ഭാഗത്തും സേവാമന്ദിർ സ്കൂളിനടുത്തും അടിപ്പാതകൾ ആവശ്യപ്പെട്ടെങ്കിലും നടപ്പാലം നിർമിക്കാൻ തീരുമാനിച്ചു. തടമ്പാട്ടുതാഴം-പറമ്പിൽ ബസാർ റോഡ് വീതികൂട്ടുന്നതിന് ആനുപാതികമായി നിലവിലെ അടിപ്പാതയുടെ വിസ്താരം കൂട്ടും. കൂടാതെ മാളിക്കടവിനും മൊകവൂരിനും ഇടയിലും പുതിയ പാസേജും നിർമിക്കും.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ സി.ഡബ്ല്യു.ആർ.ഡി.എം -പനാത്ത് താഴം റോഡ് ജങ്ഷനിൽ ഹരിതനഗർ കോളനി ഭാഗത്ത് മേൽപാലം പണിയാൻ ദേശീയപാത അതോറിറ്റി തയാറാണ്. മേൽപാലം നിർമാണ ചെലവിന്‍റെ 50 ശതമാനം തുകയും കേന്ദ്രം വഹിക്കും. തൊണ്ടയാട് ജങ്ഷനുസമീപം കരിയാത്തൻകാവ് റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്തും അടിപ്പാത ആവശ്യപ്പെട്ടെങ്കിലും ഇതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡിലെ അനാവശ്യ മണ്ണ് നീക്കാനാവാത്തതടക്കം നിർമാണത്തിന് പ്രതിസന്ധിയായിട്ടുണ്ട്. റവന്യൂ വകുപ്പിന്‍റെ ഭൂമിയിൽ മണ്ണ് തള്ളിയ കരാർ കമ്പനിയുടെ മൂന്ന് ലോറികൾ ജില്ല ഭരണകൂടം കണ്ടുകെട്ടി. റോഡ് നിർമാണത്തിന് മതിയായ എല്ലാ സൗകര്യവുമൊരുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരിക്കെയാണിത്. ജില്ല ഭരണകൂടം റോഡ്പ്രവൃത്തി വേഗത്തിലാക്കാൻ വേണ്ട സഹായം ചെയ്യണമെന്ന് എം.പി പറഞ്ഞു.
യോഗത്തിൽ എം.പിക്കുപുറമേ എൻ.എച്ച്.എ.ഐ ഡി.ജി.എം നവീൻ മിശ്ര, കേരള റീജനൽ ഓഫിസർ ബി.എൽ. മീണ, പ്രോജക്ട് ഡയറക്ടർ നിർമൽ സാഡെ, എൻജിനീയർമാരായ പ്രഭാകരൻ, ശശികുമാർ, കമ്പനിയെ പ്രതിനിധാനംചെയ്ത് ഡയറക്ടർ ശശാങ്ക് ശേഖർ, പ്രോജക്ട് മാനേജർ ദേവരാജ റെഡ്ഡി, എൻജിനീയർ നാസർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

