കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; പണക്കുറവ്, പണി കുറഞ്ഞു
text_fieldsകോഴിക്കോട്: ഫണ്ട് വരവ് കുറഞ്ഞതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം കുറഞ്ഞു. എം.പി അടക്കമുള്ളവരുടെ ഇടപെടലിലൂടെ ഇടക്കാലത്ത് ത്വരിതഗതിയിലായ നിർമാണ പ്രവർത്തനങ്ങളാണ് വീണ്ടും മന്ദഗതിയിലേക്ക് നീങ്ങിയത്.
മഴ ശക്തമായതോടെ പൈലിങ് പ്രതിസന്ധി നേരിടുന്നുവെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ പ്രതികരണം. എന്നാൽ പണി പുരോഗമിക്കുന്നതിന് അനുസരിച്ച് കരാറുകാർക്ക് ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് വിവരം. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് പ്രധാന കെട്ടിടം അടക്കം പൊളിച്ചു നീക്കി പൈലിങ് ആരംഭിച്ചെങ്കിലും ഇപ്പോൾ പണി മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
ഒരുവർഷം മുമ്പാണ് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. പൈലിങ് 85 ശതമാനവും പൂർത്തിയായെന്നാണ് പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നവരിൽനിന്ന് ലഭിക്കുന്ന വിവരം. മൊത്തം നിർമാണ പ്രവർത്തനങ്ങളുടെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. 2027 ജൂണോടെ നിർമാണം പൂർത്തിയാക്കണമെന്നാണ് നിർമാണക്കമ്പനിയും റെയിൽവേയും തമ്മിലുള്ള കരാർ. ഈ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കിയില്ലെങ്കിൽ നിർമാണക്കമ്പനി റെയിൽവേക്ക് നഷ്ടപരിഹാരം നൽകണ്ടിവരും. സേലം കേന്ദ്രമായുള്ള റാങ്ക് പ്രോജക്ട്സ് ആൻഡ് ഡെവലപ്പേഴ്സിനാണ് നിർമാണ ച്ചുമതല.
445.95 കോടി ചെലവഴിച്ചാണ് സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. 1400 പൈൽ ഫൗണ്ടേഷൻ പില്ലറുകളാണ് പുതിയ സ്റ്റേഷൻ സമുച്ചയത്തിനുണ്ടാവുക. നാല് പ്ലാറ്റ്ഫോമുകൾ മാത്രം അതേപടി നിലനിർത്തിയാണ് പുതിയ സ്റ്റേഷൻ ഉയർന്നുവരിക. ഭാവിയിൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ സ്ഥലം ഒഴിച്ചിടുന്നുണ്ട്.
മൾട്ടിലെവൽ പാർക്കിങ്ങിനുള്ള സംവിധാനവും സ്റ്റേഷൻ കെട്ടിടത്തിന്റെ ഫൗണ്ടേഷനും ഉടൻ നിർമാണം തുടങ്ങും. പ്രധാന കെട്ടിടത്തിനൊപ്പം 48 മീറ്റർ വീതിയുള്ള ആകാശ ഇടനാഴിയും നിർമിക്കും. സ്റ്റേഷന്റെ പടിഞ്ഞാറും കിഴക്കുമുള്ള കെട്ടിടങ്ങൾ പൊളിച്ച ഭാഗത്തുകൂടി പുതിയ സ്റ്റേഷൻ ടെർമിനലിന്റെ ഭാഗമാവും. ഫ്രാൻസിസ് റോഡിനേയും വലിയങ്ങാടിയെയും ബന്ധിപ്പിക്കുന്ന വീതിയേറിയ റോഡ് നിർമാണവും ഏറെക്കുറെ പൂർത്തിയായി.
70,000 യാത്രക്കാർ പ്രതി ദിനം എത്തുന്ന സ്റ്റേഷൻ 46 ഏക്കർ വിസ്തൃതിയിലാണ് നവീകരിക്കുന്നത്. 1100 കാറുകൾ, 2500 ഇരുചക്രവാഹനങ്ങൾ, 100 ബസുകൾ എന്നിവക്ക് പാർക്ക് ചെയ്യാനാകും. ഇപ്പോൾ അഞ്ച് മീറ്ററുള്ള നടപ്പാലത്തിന് പകരം 12 മീറ്റർ വീതിയുള്ളവ നിർമിക്കും. 120 മീ. നീളത്തിലും 26 മീ. വീതിയിലുമായിരിക്കും എട്ട് മീ. ഉയരമുള്ള പുതിയ ടെർമിനൽ. മൾട്ടിപ്ലക്സ്, മികച്ച ഓഫിസ് സ്പെയ്സ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുമുണ്ടാകും.
എല്ലാ മാസവും കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റെയും എം.പി എം.കെ രാഘവന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തണമെന്ന് കഴിഞ്ഞ നവംബറിൽ കോഴിക്കോട്ടെത്തിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

