കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമാണം; 2027 ആഗസ്റ്റിൽ പൂർത്തിയാവും
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്രവൃത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി വിലയിരുത്തുന്നു
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നവീകരണം സംബന്ധിച്ച് ആശങ്കവേണ്ടെന്നും 2027 ആഗസ്റ്റോടെ പണി പൂർത്തിയാക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നതെന്ന ആക്ഷേപങ്ങൾക്കിടെ പ്രവൃത്തി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ആശങ്കയുണ്ടെന്നും നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണമെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടപ്രകാരമായിരുന്നു മന്ത്രിയുടെ സന്ദർശനം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് എത്തിയ മന്ത്രി പൈലിങ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. ശേഷം റെയിൽവേ ഉദ്യോഗസ്ഥരും കരാറുകരുമായും കൂടിക്കാഴ്ച നടത്തി.
എം.പി അടക്കമുള്ളവരുടെ ആശങ്കക്ക് വകയില്ലെന്നും 2027 ആഗസ്റ്റോടെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നും റെയിൽവേ ഡി.ആർ.എം, എൻജിനീയറിങ് ഡിപ്പാർട്മെന്റ്, കരാറുകാർ എന്നിവർ ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു. പ്രത്യക്ഷത്തിൽ പ്രവൃത്തി കാണുമ്പോൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരുതില്ല. എന്നാൽ, ഏറെ സമയമെടുക്കുന്ന കഠിനമായ പൈലിങ് പോലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്. കാലാവസ്ഥ പൈലിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നീണ്ടുപോവാൻ ഇടയാക്കിയിട്ടുണ്ട്.
എന്നാൽ, സമയബന്ധിതമായി പണി പൂർത്തീകരിക്കുമെന്ന് കരാറുകാർക്ക് ആത്മവിശ്വാസമുണ്ട്. കൊല്ലത്തെ പ്രവൃത്തിയുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. കോഴിക്കോട്ട് ഏറെ തിരക്കേറിയ മേഖലയിൽ പഴയ കെട്ടിടങ്ങൾ ഇടിച്ച് പൊളിച്ച് സർവിസ് മുടങ്ങാതെ പ്രവൃത്തി നടത്തുമ്പോൾ അതിന്റെ സാങ്കേതിക പ്രയാസങ്ങൽ ഉണ്ടാവും. പ്രവൃത്തി ത്വരിതഗതിയിലാക്കുന്നതിന് കൂടുതൽ മെഷിനറികളും തൊഴിലാളികലെയും ലഭ്യമാക്കുമെന്നും യോഗത്തിൽ കരാറുകാർ ഉറപ്പു നൽകിയതായും മന്ത്രി പറഞ്ഞു.
എം.കെ രാഘവൻ എം.പി, റെയിൽ ഡി.ആർ.എം മധുകർ റാവുത്ത്, അഡീഷനൽ ഡി.ആർ.എം പി. ജയകൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പുമുണ്ടായിരുന്നു. 445.95 കോടി ചെലവഴിച്ച് റെയിൽവെ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിർമാണമാണ് നടക്കുന്നത്.
2027 ജൂലൈയില്‍ പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു കരാർ. മന്ദഗതിയിലായിരുന്ന പ്രവൃത്തി ഊർജിതമാക്കണമെന്ന് കഴിഞ്ഞ ഒക്ടോബറൽ പ്രവൃത്തി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

