വി.എസിനെ ഒരു നോക്കു കാണാൻ ചന്ദ്രൻ തിരുവനന്തപുരത്തെത്തി
text_fieldsചന്ദ്രൻ തിരുവനന്തപുരം സെക്രേട്ടറിയറ്റ് ദർബാർ ഹാളിനടുത്ത്
ബാലുശ്ശേരി: ആരോഗ്യ സ്ഥിതി വക വെക്കാതെ 75 പിന്നിട്ട ചന്ദ്രനും വി.എസിനെ അവസാനമായി ഒരു നോക്കുകാണാൻ ബാലുശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച വൈകീട്ട് തൊഴിലുറപ്പ് പണി കഴിഞ്ഞ് കോക്കല്ലൂരിൽ എത്തിയപ്പോഴാണ് വി.എസിന്റെ മരണ വിവരമറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല.
വീട്ടുകാരോടും പോലും പറയാതെ കൈയിലുള്ള കാവി മുണ്ടും സഞ്ചിയും തൂക്കി നേരെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തു തിക്കും തിരക്കും പിടിച്ച മൂന്നാം ക്ലാസ് കമ്പാട്ട്മെന്റിൽ കയറി പുലർച്ചയോടെ തിരുവനന്തപുരത്ത്. റെയിൽവേ സ്റ്റേഷനിലെ പ്രാഥമിക കൃത്യങ്ങൾക്കു ശേഷം സെക്രേട്ടറിയറ്റ് ദർബാർ ഹാൾ ലക്ഷ്യം വെച്ചൊരു നടത്തം. അവിടത്തെ നീണ്ട നിരയിൽ ക്യൂ നിന്നാണ് പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കണ്ടത്.
ബാലുശ്ശേരി കോക്കല്ലൂർ തത്തമ്പത്ത് തുളിശ്ശേരി കുനിയിൽ ചന്ദ്രന് വി.എസിനോടുള്ള ആരാധനക്ക് ആറുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നെയ്യാറ്റിൻകര സ്വദേശിയായ ചന്ദ്രന് 14 വയസ്സുള്ളപ്പോൾ നെയ്യാറ്റിൻകരയിലെ പാർട്ടി ഓഫിസിൽ എത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കലായിരുന്നു ജോലി. ഇക്കാലത്ത് ഓഫിസിൽ വന്നു പോയിരുന്ന വി.എസ് അടക്കമുള്ള നേതാക്കന്മാരെയും നല്ല പരിചയമായിരുന്നു. കുട്ടിയായ തന്നോട് വി.എസ് സ്നേഹം പ്രകടിപ്പിച്ചിക്കുകയും പണം തന്ന് സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചന്ദ്രൻ പറയുന്നു.
നെയ്യാറ്റിൻകരയിൽ നിന്നും ചെറുപ്പത്തിൽ നാട് വിട്ട് പാലക്കാട്ടെത്തുകയും അവിടെ ഡാമിന്റെ പണിയുമായി ബന്ധപ്പെട്ട് സ്ഥിര താമസമാക്കി, യശോധയെ വിവാഹം കഴിച്ച് കുടുംബ ജീവിതം തുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം 23 വർഷം മുമ്പ് പേരാമ്പ്ര പൈതോത്ത് എത്തിയ ചന്ദ്രൻ ഇവിടെ ക്വാറി തൊഴിലാളിയായിരുന്നു.
പേരാമ്പ്രയിൽ വീടും സ്ഥലവും വാങ്ങി താമസിച്ചു വരവേ മകളുടെ വിവാഹം കഴിഞ്ഞതോടെ സ്ഥലം വിറ്റ് ബാലുശ്ശേരി കോക്കല്ലൂരിക്ക് താമസം മാറി. 22 വർഷക്കാലമായി കോക്കല്ലൂരിലാണ് താമസം. സി.പി.എം പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ബൈപാസ് സർജറി നടത്തിയ ചന്ദ്രൻ ഇപ്പോഴും തൊഴിലുറപ്പ് പണിക്ക് പോകുന്നുണ്ട്. മക്കളായ സജീഷും സജിതയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

