കോഴിക്കോട് മെഡി. കോളജ്; ആൻജിയോപ്ലാസ്റ്റി പുനരാരംഭിക്കാൻ ഇന്ന് ഉപകരണങ്ങളെത്തിക്കും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ സ്റ്റോക്കില്ലാത്തത്തിനെത്തുടർന്ന് മുടങ്ങിയ ആൻജിയോപ്ലാസ്റ്റി പുനരാരംഭിക്കാൻ താൽക്കാലിക നടപടിയായതായി പ്രിൻസിപ്പൽ കെ.ജി. സജീത്കുമാർ അറിയിച്ചു. വയറ്, ബലൂൺ തുടങ്ങിയ ഉപകരണങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാൽ രണ്ടു ദിവസമായി മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഇത് വാർത്തയായതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. ഏജൻസികൾക്ക് കുടിശ്ശിക നൽകി വിതരണം പുനരാരംഭിക്കുന്നത് വരെ രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ മറ്റിടങ്ങളിൽനിന്ന് ഉപകരണങ്ങളെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവ വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടെ ആൻജിയോപ്ലാസ്റ്റി പുനരാരംഭിക്കും. ആശുപത്രിയുടെ ഫണ്ടിൽനിന്ന് തുക ലഭ്യമാക്കി വിതരണക്കാരുടെ കുടിശ്ശികയുടെ ഒരു വിഹിതം നൽകാനുള്ള നടപടി ആരംഭിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. കൂടാതെ ആരോഗ്യ മന്ത്രി ഇടപെട്ട് കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് അടിയന്തരമായി ഫണ്ട് ലഭ്യമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
30നകം കുടിശ്ശികയുടെ ഒരു വിഹിതം നൽകാനാവുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങളുടെ വിതരണം പുനരാരംഭിക്കുന്നതിന് ഏജൻസികളുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, 2025 മാർച്ച് വരെയുള്ള കുടിശ്ശിക ലഭിക്കാതെ തങ്ങൾ വിതരണം പുനരാരംഭിക്കില്ലെന്ന് ഏജൻസികൾ അറിയിച്ചു. കുടിശ്ശിക 34.90 കോടി കടന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള സ്റ്റെന്റ് അടക്കമുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഏജൻസികൾ നിർത്തിവെച്ചിരിക്കുകയാണ്.
നേരത്തേ സ്റ്റോക്ക് വെച്ച സ്റ്റെന്റും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് കാത്ത് ലാബിൽ ആൻജിയോഗ്രാം അടക്കമുള്ളവ ഇപ്പോൾ നാമമാത്രമായി നടത്തുന്നത്. സ്റ്റോക്ക് തീരുന്നതോടെ ഇതും മുടങ്ങി കാത്ത് ലാബ് പൂർണമായി അടച്ചിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

