കോഴിക്കോട് മെഡിക്കൽ കോളജ് ഒ.പി ടിക്കറ്റ് ഇനി ഓൺലൈനിൽ
text_fieldsകോഴിക്കോട്: തിങ്കളാഴ്ച മുതൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ ഇ-ഹെൽത്ത് വഴി ഓൺലൈനായി ഒ.പി ടിക്കറ്റുകൾ ലഭിക്കും. ഇതുവരെ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ മാത്രമായിരുന്നു നടന്നിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിലാണ് ട്രയൽ റൺ നടത്തുകയെന്ന് മെഡിക്കൽ കോളജിലെ ഇ-ഹെൽത്ത് നോഡൽ ഓഫിസർ ഡോ. അബ്ദുൽ ബാസിത് അറിയിച്ചു. മൊബൈൽ ഫോണിലൂടെ സ്വന്തമായോ അക്ഷയ കൗണ്ടറുകൾ വഴിയോ ഒ.പി ടിക്കറ്റ് രജിസ്റ്റർ ചെയ്ത് 10 രൂപ ഫീസ് അടച്ചാൽ ക്യുആർ കോഡും നമ്പറും ലഭിക്കും.
ഇതുമായി മെഡിക്കൽ കോളജ് ഒ.പിയിലെ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലെത്തിയാൽ ഒ.പി ശീട്ട് പ്രിന്റ് ചെയ്ത് ലഭിക്കും. തുടർന്ന് ചികിത്സതേടാം. എന്നാൽ സാധാരണ പോലെ കൗണ്ടറുകളിൽ നേരിട്ടും ഒ.പി ടിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കി ആശുപത്രിയിലേക്ക് വരുന്നത് കാരണം ഒ.പി കൗണ്ടറിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഒ.പി ടിക്കറ്റ് ലഭിക്കും.
മെഡിസിൻ, സർജറി, എല്ലുരോഗ വിഭാഗം, ഓഫ്താൽമോളജി, ഇ.എൻ.ടി, ത്വക്ക്രോഗ വിഭാഗം എന്നിവിടങ്ങളിലേക്കുള്ള ഒ.പി ടിക്കറ്റാണ് ലഭിക്കുക. ഡോക്ടർമാർക്ക് ആവശ്യത്തിന് കമ്പ്യൂട്ടറുകൾ ഇല്ലാത്തതിനാൽ മരുന്ന് കുറിപ്പടികൾ പഴയപടി തുടരും. പരിശോധന, ഫാർമസി, ലാബ് തുടങ്ങിയവയും ഇ-ഹെൽത്തുമായി ബന്ധിപ്പിച്ചാൽ മാത്രമേ സംവിധാനത്തിന്റെ ഗുണം രോഗികൾക്ക് പൂർണമായും ലഭിക്കൂ. ഘട്ടംഘട്ടമായി എല്ലാ മേഖലകളും ഇ-ഹെൽത്തുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഡോ. ബാസിത് അറിയിച്ചു.
നിലവിൽ സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രിയിലും ചെസ്റ്റ് ആശുപത്രിയിലും ഇ-ഹെൽത്ത് ആരംഭിച്ചിട്ടില്ല. ചികിത്സക്കെത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാവുന്ന പദ്ധതിയായിട്ടും ഇതു സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ ഔദ്യോഗികമായി അറിയിപ്പൊന്നും നൽകിയിട്ടില്ല.
യു.എച്ച്.ഐ.ഡി എങ്ങിനെ
മൊബൈൽ ഫോൺ ഉപയോഗിച്ച് യു.എച്ച്.ഐഡി (യുനീക് ഹെൽത്ത് ഐ.ഡി) ഉണ്ടാക്കാം. ഇ-ഹെൽത്ത്- കേരള വെബ്സൈറ്റിലും ഫോൺ നമ്പർ, ആധാർ നമ്പർ, പേര്, വയസ്സ്, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി യു.എച്ച്.ഐ.ഡി നമ്പർ ഉണ്ടാക്കാം. ആധാർ നമ്പർ അടിക്കുന്നതോടെ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ഇ-ഹെൽത്ത് സൈറ്റിൽനിന്ന് യു.എച്ച്.ഐഡി നമ്പർ ലഭിക്കും.
ഇതാണ് പിന്നീട് എല്ലാ ആശുപത്രി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങളിൽനിന്നും രജിസ്ട്രേഷൻ എടുക്കാം. ഇതോടെ രോഗിയുടെ തുടർ ചികിത്സ സംബന്ധിച്ച എല്ലാ വിവിരങ്ങളും ഇ-ഹെൽത്ത് വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

