കോഴിക്കോട് മെഡിക്കൽ കോളജ്: മോർച്ചറിക്കുസമീപം അനധികൃത ആംബുലൻസ് സ്റ്റാൻഡ്; നടപടിയാവശ്യപ്പെട്ട് സൂപ്രണ്ട്
text_fieldsകോഴിക്കോട് മെഡിക്കല് കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളജ് മോർച്ചറിക്കുസമീപം അനധികൃതമായി ആംബുലൻസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ടെന്നും അതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി. ഇങ്ങനെ സ്റ്റാൻഡ് പ്രവർത്തിക്കുന്നത് സുരക്ഷാ ഭീഷണിക്കു കാരണമാകുന്നുണ്ട്.
അടുത്ത കാലത്തായി മോർച്ചറി പരിസരത്ത് പതിവായി രണ്ടും മൂന്നും ആംബുലൻസുകൾ നിർത്തിയിടുന്നു. നേരത്തെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കാറുകൾ നിർത്തിയിടുന്ന സ്ഥലമാണ് ആംബുലൻസുകാർ സ്ഥിരമായി ഉപയോഗിക്കുന്നത്.
ആദ്യമൊക്കെ ആരെങ്കിലും വിളിച്ചിട്ടുവന്ന ആംബുലൻസാണ് ഇവിടെ നിർത്തിയിടുന്നതെന്നാണ് ജീവനക്കാർ ഉൾപ്പെടെ പലരും കരുതിയിരുന്നത്. മെഡിക്കൽ കോളജ് ജങ്ഷനുസമീപം ആംബുലൻസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ആംബുലൻസ് ആവശ്യമായി വരുന്ന സമയത്ത് ആളുകൾ ഇവിടെ പോയോ ഫോൺ മുഖേനയോ ആംബുലൻസ് വിളിക്കാറായിരുന്നു പതിവ്.
എന്നാൽ, ഇപ്പോൾ ആംബുലൻസിലെ ജീവനക്കാർ തന്നെ മോർച്ചറിക്കു മുന്നിലെത്തി ആംബുലൻസ് ഇവിടെ ലഭ്യമാണെന്ന് ആളുകളോട് പറയുകയും ഓട്ടം എടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തത് തർക്കത്തിനിടയാക്കിയതായും ജീവനക്കാർ പറയുന്നു.
മൃതദേഹം കൊണ്ടുപോകുമ്പോൾ ഇവിടത്തെ ആംബുലൻസ് വിളിക്കണമെന്ന വാദംവരെ ചിലർ ഉയർത്തുന്നതായും പരാതിയുണ്ട്. ഇവർ അമിത ചാർജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ആംബുലൻസ് ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട സുരക്ഷാ ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, പരാതിപ്പെട്ടിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

