മെഡി. കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം തുറക്കൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയായില്ല
text_fieldsകോഴിക്കോട്: തുടർച്ചയായ തീപിടിത്തങ്ങളെതുടർന്ന് അടച്ചിട്ട ഗവ. മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയായില്ല.
കെട്ടിടത്തിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയെങ്കിലും ചില സ്ഥലങ്ങളിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ പരിഹരിക്കാൻ കഴിഞ്ഞദിവസം കെട്ടിടം സന്ദർശിച്ച് കലക്ടർ സ്നേഹിൽകുമാർ സിങ് നിർദേശം നൽകിയിരുന്നു.
പണി പൂർത്തിയാക്കി വീണ്ടും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയശേഷമേ കെട്ടിടത്തിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ. 85 ശതമാനം ഇലക്ട്രിക്കൽ ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. അറ്റകുറ്റപ്പണി പൂർത്തിയാവുന്നതിന് മുമ്പാണ് ട്രയൽ റൺ നടത്തിയത്. ഓരോ വിഭാഗത്തിലുമായാണ് ട്രയൽ റൺ നടത്തിയത്.
കെട്ടിടം നിർമിച്ച ‘ഹൈറ്റ്സ്’ അറ്റകുറ്റപ്പണി പൂർത്തിയാക്കിയശേഷം കലക്ടർ നിർദേശിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചാലേ ആശുപത്രി തുറക്കുകയുള്ളൂ. മന്ത്രിയിൽ നിന്നടക്കം ഏറെ ആക്ഷേപം നേരിട്ടതിനാൽ നിർമാണ കരാറുകാർ എല്ലാ പിഴവുകളും തീർത്ത് നൽകിയാൽ മാത്രമേ സാങ്കേതിക സമിതി അനുവാദം നൽകുകയുള്ളൂ. ആരോഗ്യമന്ത്രിയുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും അനുമതി ലഭിച്ചതിനുശേഷം ആശുപത്രി പ്രവർത്തനം പുനരാരംഭിച്ചാൽ മതിയെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്.
അത്യാഹിത വിഭാഗം കെട്ടിടം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കലക്ടറുടെ നിർദേശപ്രകാരം മോക്ഡ്രില്ലും പരിശീലനവും ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷസേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങളാണ് മോക്ഡ്രില്ലിനും ബോധവത്കരണ ക്ലാസിനും നേതൃത്വം നൽകുന്നത്.
മേയ് രണ്ടിനാണ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ എം.ആർ.ഐ യൂനിറ്റിലെ യു.പി.എസ് റൂമിൽ ആദ്യ തീപിടിത്തമുണ്ടായി രോഗികളെ ഒഴിപ്പിച്ചത്. തുടർന്ന് പ്രവർത്തനം പുനരാംഭിക്കാനുള്ള നീക്കത്തിനിടെ നാലിന് വീണ്ടും തീപിടിത്തമുണ്ടാവുകയും തുടർന്ന് അടച്ചുപൂട്ടുകയുമായിരുന്നു.
നിലവിൽ പഴയ ബ്ലോക്കിലാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളിൽ രോഗികളും കൂട്ടിരിപ്പുകാരും വീർപ്പുമുട്ടുന്ന അവസ്ഥയാണ്. പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന് അനുമതി ലഭിച്ചാൽ ആദ്യം അത്യാഹിത വിഭാഗം മാറ്റാനും വാർഡുകളും തിയറ്ററും അടക്കമുള്ളവ ഘട്ടംഘട്ടമായി മാറ്റാനുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

