കോഴിക്കോട് ഇടത്തോട്ട് വീശുന്നു കാറ്റ്; ഗതിമാറ്റാൻ യു.ഡി.എഫ്
text_fieldsകോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിന്റെ മുൻതൂക്കം തുടരുമെങ്കിലും യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്നതാണ് ഒടുവിലത്തെ ചിത്രം. കോഴിക്കോട് കോർപറേഷനിലും ജില്ല പഞ്ചായത്തിലും വിജയമുറപ്പിച്ച സീറ്റുകളുടെ എണ്ണത്തിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുൻതൂക്കം എൽ.ഡി.എഫിനാണ്. എന്നാൽ, മുനിസിപ്പാലിറ്റികളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി പക്ഷേ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ നിർണായക സാന്നിധ്യമാകുമെന്ന് കരുതുന്നില്ല.
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിലാണെങ്കിലും അവരുടെ ചില കുത്തക വാർഡുകളിലും കഴിഞ്ഞ തവണ വിജയിച്ച ചില വാർഡുകളിലും പതിവില്ലാത്തവിധം മത്സരം കടുത്തിട്ടുണ്ട്. എന്നാൽ, പ്രതിഷേധ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമായി ചിതറിപ്പോകുന്നത് പല വാർഡുകളിലും എൽ.ഡി.എഫിനെ തുണച്ചേക്കും. കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കിയ വാർഡുകളിൽ ബി.ജെ.പിയും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. അവർ വിജയിച്ച ഏഴിൽ നാലിടത്തും പ്രവചനാതീത മത്സരമാണ്. അതേസമയം, മറ്റ് ചില വാർഡുകളിൽ ബി.ജെ.പി പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ജില്ല പഞ്ചായത്തിൽ ആകെ 28ൽ 12 ഇടത്ത് എൽ.ഡി.എഫിന് മേധാവിത്വമുണ്ട്. രണ്ടിടത്ത് എൽ.ഡി.എഫ് നേരിയ മുൻതൂക്കവും പുലർത്തുന്നു. ഒമ്പത് ഡിവിഷനുകളിലാണ് യു.ഡി.എഫിന് മേൽക്കൈ. അവശേഷിക്കുന്ന അഞ്ചിടങ്ങളിൽ കടുത്ത മത്സരമാണ്. വോട്ട് വിഹിതം വർധിപ്പിക്കുമെന്നതിൽ കവിഞ്ഞ പ്രതീക്ഷയൊന്നും ജില്ല പഞ്ചായത്തിൽ ബി.ജെ.പി പുലർത്തുന്നില്ല.
70 ഗ്രാമപഞ്ചായത്തുകളിൽ 28 എണ്ണത്തിൽ എൽ.ഡി.എഫിനും 17 എണ്ണത്തിൽ യു.ഡി.എഫിനും പ്രകടമായ മേൽക്കൈ ഉണ്ട്. ബാക്കി 25 ഗ്രാമപഞ്ചായത്തുകളിൽ ഒന്നോ രണ്ടോ വാർഡുകളുടെ ജയപരാജയങ്ങൾക്കനുസരിച്ച് ഭരണം തന്നെ മാറിമറിയാവുന്ന തരത്തിലുള്ള പോരാട്ടമാണ്. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിലും എൽ.ഡി.എഫ് സുരക്ഷിത നിലയിലാണ്. യു.ഡി.എഫ് ഉറച്ച പ്രതീക്ഷ പുലർത്തുന്നത് രണ്ടിടത്താണ്. മറ്റ് രണ്ടിടങ്ങളിൽ കനത്ത മത്സരം. ഏഴ് മുനിസിപ്പാലിറ്റികളിൽ നാലിടത്തും തീപാറും മത്സരമാണ്. രണ്ടിടത്ത് എൽ.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനുമാണ് മേൽക്കൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

