കെ.എസ്.ആർ.ടി.സി കെട്ടിട അഴിമതി: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം -ടി. സിദ്ദീഖ്
text_fieldsകോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ടെർമിനൽ വളഞ്ഞപ്പോൾ
കോഴിക്കോട്: കെ.എസ്.ആർ.ടി.സി പാട്ടക്കരാർ അഴിമതിയിൽ അലിഫ് ബിൽഡേഴ്സിൽനിന്ന് കോടികൾ കൈപ്പറ്റിയവരെ കുറിച്ചും കെട്ടിട നിർമാണത്തിലെ അഴിമതി സംബന്ധിച്ചും സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കാർ അതിന് തയാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
മാവൂര്‍ റോഡ് കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ നിർമാണ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ.എസ്.ആര്.ടി.സി വളയല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലും പൊതുതലത്തിലും അഴിമതിക്കെതിരെ ഏറ്റവും വലിയ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
ടെന്‍ഡര്‍ റദ്ദാക്കണമെന്ന് നിർദേശമുണ്ടായിരുന്നിട്ടും കാബിനറ്റില്‍ കൊണ്ടുപോയി ആലിഫ് ബില്‍ഡേഴ്സിന് കരാര്‍ കൊടുക്കുകയായിരുന്നു. പൊതുഗതാഗത വകുപ്പിന്റെ ജോലിയായിരുന്നിട്ടും ക്യാബിനറ്റില്‍ പോയി തീരുമാനമെടുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആരാണ് അധികാരം നല്‍കിയതെന്നും സിദ്ദീഖ് ചോദിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, അഡ്വ. പി.എം. നിയാസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, മുന്‍ കെ.പി.സി.സി ഭാരവാഹികളായ സത്യന് കടിയങ്ങാട്, സുനില്‍ മടപ്പള്ളി, പി. ഉഷാദേവി, ദിനേശ് പെരുമണ്ണ തുടങ്ങി ഡി.സി.സി ഭാരവാഹികളും പോഷകസംഘടന ഭാരവാഹികളും സമരത്തിന് നേതൃത്വം നല്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന് സ്വാഗതവും പി.വി. ബിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

