ജില്ലയിൽ 86.74 ശതമാനം കുടുംബങ്ങള്‍ അതിദരിദ്രമുക്തം
text_fieldsകോഴിക്കോട്: ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 6773 കുടുംബങ്ങളില്‍ (11,843 പേര്) 5882 കുടുംബങ്ങളെ അതിദരിദ്രമുക്തമാക്കി. 86.74 ശതമാനം കുടുംബങ്ങൾ ഇതിനകം അതിദരിദ്രമുക്തമായ ജില്ലയെ ഒക്ടോബര്‍ 15ന് സമ്പൂര്‍ണ അതിദരിദ്രമുക്തമായി പ്രഖ്യാപിക്കും. നിലവില്‍ 31 തദ്ദേശസ്ഥാപനങ്ങള്‍ അതിദരിദ്രമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്നവയില്‍ 21 സ്ഥാപനങ്ങള്‍ ഒക്ടോബര്‍ ആദ്യവും ബാക്കിയുള്ള 26 സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15നുള്ളിലും പ്രഖ്യാപനം നടത്തും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അതിദരിദ്ര പട്ടികയില്‍ വീട് മാത്രം ആവശ്യമുള്ള 650 കുടുംബങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 569 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമാവാന്‍ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയില്‍ കണ്ടെത്തിയ 330 കുടുംബങ്ങളില്‍ 241 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കി. ഇതില്‍ 154 കുടുംബങ്ങള്‍ ഇതിനകം വീട് നിർമാണം പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ വീട് നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരില്‍ ഏഴ് കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് ലഭ്യമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂരഹിത ഭവനരഹിതരില്‍ ഒക്ടോബര്‍ 15നകം നിര്‍മാണം പൂര്‍ത്തിയാകാത്തവര്‍ക്ക് വീട് വാടകക്ക് എടുത്തു നല്‍കുകയോ സുരക്ഷിത ഷെല്‍റ്റര്‍ ഉറപ്പുവരുത്തുകയോ ചെയ്യും. 1068 കുടുംബങ്ങളില്‍ 989 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈയിലെ മാര്‍ഗരേഖ പ്രകാരമാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഇവർക്ക് സഹായമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 6372 മൈക്രോ പ്ലാനുകളാണ് ആവിഷ്കരിച്ചു നടപ്പാക്കിയത്.
1817 പേര്‍ക്ക് ഭക്ഷണം, 4011 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍, 513 കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം എന്നിവയും അതിദരിദ്ര പട്ടികയില്‍ വീട് ആവശ്യമുള്ളതായി കണ്ടെത്തിയ 2049 പേരില്‍ 1921 പേര്‍ക്ക് ലൈഫ് മിഷനില്‍ വീട് തുടങ്ങിയവയും സജ്ജമാക്കി. 265 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 231 പേര്‍ക്ക് ജോബ് കാര്‍ഡ്, 213 പേര്‍ക്ക് വോട്ടര്‍ ഐഡി, 135 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ രേഖകളും 129 പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷനും 60 പേര്‍ക്ക് കുടുംബശ്രീ അംഗത്വവും ലഭ്യമാക്കി.
അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വീടിനടുത്തുതന്നെ തുടര്‍പഠനത്തിന് അവസരം നല്‍കുകയും എല്ലാ കുട്ടികളുടെയും പഠനാവശ്യ യാത്രകൾ കെ.എസ്.ആര്.ടി.സിയിലും സ്വകാര്യ ബസുകളിലും സൗജന്യമാക്കി. സ്പോണ്‍സര്‍ഷിപ്പിലൂടെയും അല്ലാതെയും സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

