അഴകാണ് കോഴിക്കോട്, അഴുക്കാക്കൽകൂടി നിർത്തിയാൽ...
text_fieldsകോഴിക്കോട്: സന്ദർശനത്തിന് വന്ന അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് കോഴിക്കോടിന്റെ സൗന്ദര്യം ഏറെ പിടിച്ചു. എന്നാൽ, കടപ്പുറത്തും തെരുവിലും മാലിന്യം ഉപേക്ഷിക്കുന്ന നാട്ടുകാരുടെ രീതി കണ്ടപ്പോൾ ആശ്ചര്യവും സങ്കടവും.
മാലിന്യം അവ കൊണ്ടിടാനുള്ള സ്ഥലത്തേക്ക് പെറുക്കിയിടാൻ തങ്ങൾ സഹായിക്കാമെന്ന വാഗ്ദാനവുമായി ഇറങ്ങിയ വിദേശികളെ ടൂർ സംഘാടകർ ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കടപ്പുറത്തെ മാലിന്യം നീക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്.
അതിഥികൾ എത്തി ടൂറിസ്റ്റ് കേന്ദ്രം വൃത്തിയാക്കിയെന്ന അപഖ്യാതി തൽക്കാലം ഒഴിഞ്ഞുകിട്ടി. ഒരുകാലത്ത് വിദേശ സഞ്ചാരികളുടെ പറുദീസയായിരുന്ന കോഴിക്കോട്ട് വിദേശികൾ അപൂർവതയാവുമ്പോഴാണ് 15 പേരടങ്ങുന്ന അമേരിക്കൻ സംഘം വന്നത്.
19 ദിവസത്തെ ഇന്ത്യായാത്രയിൽ വലിയ സ്മാരകങ്ങളും കെട്ടിടങ്ങളുമുള്ള ഉത്തരേന്ത്യ ഒഴിവാക്കി ഏഴ് ദിവസവും സംഘം കേരളത്തിൽ തങ്ങാൻ തീരുമാനിച്ചത് ഇവിടത്തെ സംസ്കാരം അടുത്തറിയാനായിരുന്നു. അതിനിടയിലാണ് മാലിന്യം കല്ലുകടിയായത്.
കേരളത്തിലെതന്നെ ഏറ്റവും മനോഹര കടലോരമായിട്ടും ആളുകൾ മാലിന്യം തലങ്ങും വിലങ്ങും കൊണ്ടിടുന്നതാണ് സഞ്ചാരികളെ അത്ഭുതപ്പെടുത്തിയത്. ഫ്രീഡം സ്ക്വയറിനോട് ചേർന്നാണ് ഉന്തുവണ്ടികളിൽനിന്ന് ഭക്ഷണം കഴിച്ച് കപ്പുകളും മറ്റും ഉപേക്ഷിക്കുന്നത്.
ഇത് കണ്ടപ്പോൾ വിദേശികൾക്ക് തങ്ങൾതന്നെ വൃത്തിയാക്കിയാലോ എന്ന ആശയമുദിക്കുകയായിരുന്നു. കുറ്റിച്ചിറയിലെ മിശ്ക്കാൽ പള്ളി, ജിഫ്രി ഹൗസ്, കുളക്കടവ്, തളിക്ഷേത്രം, മദർ ഓഫ് ഗോഡ് കത്തീഡ്രൽ, മിഠായിതെരുവ് എന്നിവിടങ്ങളെല്ലാം അവർ ഓട്ടോറിക്ഷയിൽ കറങ്ങി കണ്ടു.
അമേരിക്കയിലെ 'റോഡ് സ്കോളർ യു.എസ്.എ' എന്ന ടൂർ കമ്പനിയുടെ ഇന്ത്യയിലെ ടൂറിസം ഗൈഡായ, കോഴിക്കോട്ട് വേരുകളുള്ള ഷഗ്ജിൽ ഖാന്റെ ചുമതലയിലുള്ള സംഘത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുണ്ട്. ഡൽഹിയിൽനിന്ന് ജയ്പുർ, ആഗ്ര, ബംഗളൂരു വഴി കോഴിക്കോട്ടെത്തിയ സംഘത്തിന്റെ തുടർയാത്ര ശനിയാഴ്ച ട്രെയിനിൽ ആലപ്പുഴയിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.