കോഴിക്കോട്ട് കുറഞ്ഞത് ആറു ശതമാനം
text_fieldsകോഴിക്കോട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം കുറഞ്ഞത് കോഴിക്കോട്ടും മുന്നണികളിൽ ആശങ്കയും ഒപ്പം പ്രതീക്ഷയുമുണ്ടാക്കുന്നു. 2019ലെ 81.46 ശതമാനത്തിൽനിന്ന് 75.52 ശതമാനമായി വോട്ട് ചെയ്തവരുടെ എണ്ണം കുറഞ്ഞപ്പോഴുള്ള ആറു ശതമാനം വോട്ടുകളുടെ വ്യത്യാസം ആരെ തുണക്കുമെന്നതാണ് ആശങ്ക. രണ്ട് മുന്നണികളും വോട്ട് കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്ന് ആശ്വസിക്കാനും ആദ്യഘട്ടത്തിൽ ശ്രമിക്കുന്നു.
എന്നാൽ, ബൂത്തുകളിൽ നിന്നുള്ള പൂർണ കണക്കുകൾക്കുശേഷം തിങ്കളാഴ്ചക്കകം ഏകദേശ രൂപം അറിയാനാവുമെന്നാണ് നേതാക്കൾ പറയുന്നത്.
കോഴിക്കോട് മണ്ഡലത്തിൽ 10,78,283 പേര് വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്. ഇതിൽ 5,15,648 (74.61 ശതമാനം) പുരുഷന്മാരും 5,62,623 (76.18 ശതമാനം) വനിതകളും 12 ട്രാൻസ്ജെൻഡറുകളും (45.15 ശതമാനം) വോട്ട് ചെയ്തു.
കഴിഞ്ഞ തവണ എം.കെ. രാഘവൻ എൽ.ഡി.എഫിലെ എ. പ്രദീപ്കുമാറുമായി ഏറ്റുമുട്ടിയപ്പോഴുള്ളതിനേക്കാൾ പൊതുവെ വീറും വാശിയും ഇത്തവണ കുറവായിരുന്നു. തൊട്ടടുത്ത വടകരയിലും വയനാട്ടിലുമുള്ള വാശിയൊന്നും പ്രചാരണ സമയത്ത് കോഴിക്കോട്ടുണ്ടായിരുന്നില്ല.
അതേസമയം, രാഘവനെ അപേക്ഷിച്ച് പരസ്യപ്രചാരണത്തിൽ കരീം മുന്നിലായിരുന്നു. നിശ്ശബ്ദ പ്രവർത്തനം ആർക്ക് തുണയായെന്ന ചർച്ചയും സജീവമാണ്. പ്രചാരണം ചൂടുപിടിച്ചില്ലെങ്കിൽ യു.ഡി.എഫ് വോട്ടുകൾ ബൂത്തിലെത്തില്ലെന്ന പഴയ സിദ്ധാന്തമൊന്നും ഇപ്പോൾ പ്രസക്തമല്ല.
മണ്ഡലത്തിലുള്ള നിയമസഭ മണ്ഡലങ്ങളിൽ ബാലുശ്ശേരി (76.61 ശതമാനം), എലത്തൂര്‍ (77.34), കോഴിക്കോട് നോര്‍ത്ത് (70.96), കോഴിക്കോട് സൗത്ത് (71.89), ബേപ്പൂര്‍ (75.35), കുന്ദമംഗലം (78.16), കൊടുവള്ളി (76.52) എന്നിങ്ങനെയാണ് ഇത്തവണ പോളിങ് ശതമാനം.
കഴിഞ്ഞതവണത്തേക്കാൾ കുറവാണ് എല്ലായിടത്തും. യു.ഡി.എഫിന് സ്വാധീനമുള്ള കൊടുവള്ളി (കഴിഞ്ഞ തവണ 81.39), കോഴിക്കോട് സൗത്ത് (കഴിഞ്ഞ തവണ 78.54) എന്നിവിടങ്ങളിലെ ശതമാനക്കുറവ് ആ മുന്നണിക്ക് ദോഷമാവുമെന്ന് കരുതുന്നവരുണ്ട്.
എന്നാൽ, ഇടത് ശക്തികേന്ദ്രമായ ബേപ്പൂരിലും (കഴിഞ്ഞ തവണ 80.34) ബാലുശ്ശേരിയിലും (കഴിഞ്ഞ തവണ 80.55) വോട്ടർമാർ കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ 5,66,895 പേരുള്ള 30നും 39നുമിടയിൽ പ്രായക്കാരാണ് പ്രബല വിഭാഗമെങ്കിലും 18നും 19നും വയസ്സിനിടയിലുള്ള 71,847 കന്നി വോട്ടർമാരുടെ നിലപാടുകൾ ആർക്കൊപ്പമാണെന്നത് ഫലത്തിൽ പ്രതിഫലിക്കുമെന്നത് മൂന്നു മുന്നണികൾക്കും ചങ്കിടിപ്പേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

