പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും നാഥനില്ലാകളരിയായി ഡി.എം.ഒ ഓഫിസ്
text_fieldsകോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും ആഴ്ചകളായി ജില്ല മെഡിക്കല്‍ ഓഫിസറുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. അഡീഷനൽ ഡി.എം.ഒ പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു അഡീഷനൽ ഡി.എം.ഒക്ക് ഡി.എം.ഒയുടെ അധിക ചുമതല നൽകിയിരിക്കുകയാണ്. ജില്ലയിലേക്ക് പുതിയ ഡി.എം.ഒയായി ഡോ. രാജേന്ദ്രനെ നിയമിച്ച് ഉത്തരവായെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. നേരത്തെയുണ്ടായിരുന്ന അഡീഷനൽ ഡി.എം.ഒയെ തൃശൂരിലേക്ക് ഡി.എം.ഒയായി നിയമിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 26 മുതൽ ഡി.എം.ഒ കസേര ഒഴിഞ്ഞുകിടക്കുകയാണ്.
ഡെങ്കി, അഞ്ചാംപനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴാണ് ഡി.എം.ഒ ഓഫിസിൽ നാഥനില്ലാത്ത അവസ്ഥ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഡി.എം.ഒയും അഡീഷനൽ ഡി.എം.ഒയും ഇല്ലാത്തതിനാൽ പ്രതിരോധ പ്രവർത്തനം താളംതെറ്റിയിരിക്കുന്നു. മീസിൽസ് വ്യാപിച്ച് അംഗൻവാടികളുടെയടക്കം പ്രവർത്തനത്തെ വരെ ബാധിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം ഒന്നുമുതൽ 13 വരെ 62 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 221 പേർ രോഗം സംശയിക്കുന്നവരുടെ പട്ടികയിലുമുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്നുള്ള മാത്രം കണക്കാണിത്. അഞ്ചാംപനിയും (മീസിൽസ്) വ്യാപിക്കുന്നുണ്ട്. 82 പേർക്കാണ് ഈ മാസം 13 വരെ മാത്രം മീസിൽസ് ബാധിച്ചത്. മഞ്ഞപ്പിത്തം, എലിപ്പനി, തക്കാളിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഷിഗല്ല, മലേറിയ, ചെള്ളുപനി എന്നിവയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനുപുറമെ ചികിത്സാപ്പിഴവ് കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതേതുടർന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല.

