കോഴിക്കോട് ജില്ല നിപമുക്തം; നിപ പ്രതിരോധത്തിൽ ലോകത്തെ നയിക്കാൻ കേരളത്തിനാവും -മന്ത്രി വീണ ജോർജ്
text_fieldsകോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തെ നയിക്കാൻ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി വീണ ജോർജ്. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉദ്ഘാടനവും കോഴിക്കോട് ജില്ല നിപമുക്ത പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
നിപ വൈറസ് മനുഷ്യരിലേക്ക് എങ്ങനെ പടരുന്നുവെന്നതിന് ശാസ്ത്രീയമായ ഉത്തരം കണ്ടെത്തുന്നതിനോടൊപ്പം ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനത്തിനുമായാണ് മെഡിക്കൽ കോളജിൽ റിസർച് സെൻറർ ആരംഭിച്ചത്. മറ്റ് അനുബന്ധ വകുപ്പുകളെകൂടി ഏകോപിപ്പിച്ചു മികച്ച ഗവേഷണ സ്ഥാപനമായി മാറ്റും.
കമ്യൂണിറ്റി സർവെയലൻസിലൂടെ ശേഖരിക്കുന്ന ഡേറ്റകൾ അവലോകനം ചെയ്യുന്നതോടൊപ്പം നിപ ഗവേഷണത്തിൽ ലോകത്തെ നയിക്കാനുള്ള കേന്ദ്രമായി ഇതുമാറും. തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഉൾപ്പെടെ നിപ വൈറസ് ബാധ ചികിത്സിക്കുന്നതിനുള്ള മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കൂടുതൽ സാമ്പിളുകൾ മെഡിക്കൽ കോളജ് ലാബിൽ പരിശോധിക്കാൻ കഴിഞ്ഞത് നേട്ടമാണ്. മികച്ച സമ്പർക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏർപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം തടയാനായതിന് കേന്ദ്ര സംഘത്തിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ചു. ഒരുമയോടെയും ഐക്യത്തോടെയും നിപ പ്രതിരോധത്തിനായി പ്രവർത്തിച്ച കോഴിക്കോട്ടുകാർക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
നിപ പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായി.
പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തും -മന്ത്രി
കോഴിക്കോട്: ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിച്ചശേഷം കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ ‘ലക്ഷ്യ’ നിലവാരത്തിലുള്ള ലേബർ റൂമുകളും ഓപറേഷൻ തിയറ്ററുകളും ഉറപ്പാക്കും. പ്രസവചികിത്സ കൂടുതൽ കാര്യക്ഷമമാക്കും. ഗൈനക്കോളജിസ്റ്റുകൾ ഉള്ളയിടങ്ങളിൽ അവരുടെ സേവനം പൂർണമായി ലഭ്യമാക്കൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിൽ ഉദ്ഘാടനം ചെയ്ത കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിലൂടെ കോഴിക്കോട്, വയനാട് ജില്ലകളിൽ വർഷം മുഴുവൻ തുടർച്ചയായ കമ്യൂണിറ്റി സർവെയ്ലൻസ് നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾക്ക് ലഭിക്കുന്ന വിവരങ്ങൾ ആരോഗ്യവകുപ്പുമായി പങ്കുവെച്ച് സാമ്പിൾ പരിശോധന ഉൾപ്പെടെയുള്ള നടപടി സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

