കണക്കിൽപെടാത്ത 13 ബാങ്ക് അക്കൗണ്ട്; വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടും കോർപറേഷൻ തിരുത്തിയില്ലെന്ന് ഓഡിറ്റ് വകുപ്പ്
text_fieldsകോഴിക്കോട്: സാമ്പത്തിക ക്രയവിക്രയങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടും കോർപറേഷൻ ജാഗ്രത പാലിക്കുകയോ തിരുത്തലുകൾ വരുത്തുകയോ ചെയ്തില്ലെന്നതിന്റെ തെളിവായി ചൊവ്വാഴ്ച പുറത്തുവന്ന വിവരാവകാശ രേഖ. വാർഷിക ധനകാര്യ പത്രികയിലുൾപ്പെടുത്താത്ത 13 അക്കൗണ്ടുകൾ കോർപറേഷനുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതക്ക് ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ വിവരാവകാശ മറുപടിയിലൂടെയാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നത്.
ധനാപഹാരം ഇല്ലാതാക്കാൻ സ്വീകരിക്കാവുന്ന നിർദേശങ്ങളും ഓഡിറ്റ് വിഭാഗം കോർപറേഷന് നൽകിയിരുന്നു. എന്നാൽ, ഇവ അധികൃതർ കാറ്റിൽ പറത്തുകയായിരുന്നു. കോർപറേഷന്റെ മുഴുവൻ പണമിടപാടുകളും ട്രാൻസ്ഫർ സമയത്തുതന്നെ അതത് ഹെഡുകളിലേക്ക് പോസ്റ്റ് ചെയ്യുന്ന രീതിയിൽ അക്കൗണ്ടിങ് സംവിധാനം നവീകരിക്കണം, വരവുകൾ സ്വീകരിക്കുമ്പോഴും ചെലവുകൾ ആധികാരികമാക്കുമ്പോഴും ഓട്ടോമാറ്റിക് ആയി അക്കൗണ്ട് ചെയ്യപ്പെടുന്ന തരത്തിൽ സോഫ്റ്റ്വെയറുകൾ പരിഷ്‍കരിക്കണം, എല്ലാ വരവുചെലവുകളും അതത് ദിവസം തന്നെ ബാങ്ക് ബുക്കിൽ രേഖപ്പെടുത്തണം, എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും പ്രതിമാസ റീകൺസീലിയേഷൻ നടത്തി പരിശോധനക്കായി ഓഡിറ്റിന് ഹാജരാക്കണം, ഇടപാടുകൾ ഇല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം കുറക്കുകയും വേണം, നഗരസഭയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും വാർഷിക കണക്കിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം, തനത് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ച മറ്റു ഫണ്ടുകളുടെ നീക്കിയിരിപ്പ് വിശദാംശം തയാറാക്കി സൂക്ഷിക്കണം എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഓഡിറ്റ് വിഭാഗം നിർദേശിച്ചത്.
കോർപറേഷനിൽ അക്കൗണ്ടന്റ് തസ്തിക ഇല്ലാത്തതിനാൽ ഒരു ഹെഡ് ക്ലർക്കിന്റെ ശമ്പള സ്കെയിലിൽ ഒരു അക്കൗണ്ടന്റും അതിനുകീഴിൽ അഞ്ചോ ആറോ ക്ലർക്കുമാരും കണക്ക് സൂക്ഷിക്കാൻ ആവശ്യമാണ് എന്നതും
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള ആപ്ലിക്കേഷനിലൂടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകാനും സർക്കാറിലേക്ക് ശിപാർശ ചെയ്യണം എന്നും നിർദേശിച്ചിരുന്നു. എന്നാൽ, കോർപറേഷന് നേരിട്ട് ചെയ്യാവുന്ന കാര്യങ്ങളിൽപോലും നടപടി സ്വീകരിച്ചില്ല. മാത്രമല്ല, ചില അക്കൗണ്ടുകൾ വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമാണ് കോർപറേഷൻ അധികൃതർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

