ചീറ്റ കുതിക്കുന്നു… അഴകുള്ള കോഴിക്കോടിനായി…
text_fieldsചീറ്റ സ്ക്വാഡ് ബീച്ചിൽ പരിശോധന നടത്തുന്നു
കോഴിക്കോട്: അഴകുള്ള കോഴിക്കോടിനായി കോർപറേഷൻ അധികൃതർ തുടരുന്ന പരിശോധനയിൽ ഒരു മാസംകൊണ്ട് പൂർത്തിയാക്കിയത് 1095 സ്ഥാപന പരിശോധനകൾ.
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ ‘വലിച്ചെറിയൽ മുക്ത കോഴിക്കോട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പുതുവർഷ പുലരിയിൽ കോർപറേഷൻ പരിധിയിലെ 75 വാർഡുകളെ മൂന്ന് സോണുകൾ ആക്കി തിരിച്ചാണ് പരിശോധ ആരംഭിച്ചത്.
25 വാർഡുകൾ ഉൾക്കൊള്ളുന്ന നോർത്ത്, സെൻട്രൽ, സൗത്ത് എന്നിങ്ങനെ ചീറ്റ സ്ക്വാഡുകൾ രൂപവത്കരിച്ചായിരുന്നു പരിശോധന. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും ഒരു ശുചീകരണ തൊഴിലാളിയും അടങ്ങിയതായിരുന്നു ടീം.
അംഗങ്ങൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത മൂന്നു വാഹനങ്ങൾ അനുവദിച്ച് കോർപറേഷൻ പരിധിയിലെ മുഴുവൻ സ്ഥലത്തും ഒരു പേപ്പർ കഷണം പോലും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് പരിശോധന.
പൊതുജനങ്ങൾക്ക് നടപ്പാത യാത്ര സൗകര്യം ഉറപ്പുവരുത്തുന്നതിന് തെരുവോരം കൈയടക്കി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും ജലാശയങ്ങൾ, തോടുകൾ, അരുവികൾ, മഴവെള്ളം ഒഴുകിപ്പോകുന്നതിന് നിർമിച്ച ഡ്രെയ്നേജുകൾ എന്നിവയിൽ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി ബോധവത്കരണം നടത്തുകയാണ് ടീം.
കർശന നടപടികളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീറ്റ സ്ക്വാഡ് രൂപവത്കരിച്ചത്. സ്ക്വാഡിന് തത്സമയ ഫൈനായ 5000 രൂപ വരെ നൽകാനുള്ള അധികാരവും നൽകി. ഒരു മാസം പിന്നിടുമ്പോൾ 1095 സ്ഥാപനങ്ങളും കടകളും പരിശോധിച്ചു. 453 സ്ഥാപനങ്ങളിൽ ന്യൂനതകൾ കണ്ടെത്തുകയും 335 സ്ഥലങ്ങളിൽ തത്സമയം ശുചീകരിക്കുകയും ചെയ്തു.
152 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്പോട്ട് ഫൈൻ ചുമത്തി നോട്ടീസ് കൊടുത്തു. 90,500 രൂപ പിഴ ഈടാക്കുകയും 74,000 രൂപ പിഴയിനത്തിൽ ലഭിച്ചതായും ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ അറിയിച്ചു. ചീറ്റ സ്ക്വാഡിന് മേൽനോട്ടം വഹിക്കുന്നതിന് ക്ലീൻ സിറ്റി മാനേജർ ഇ.കെ. ജീവരാജ്, കെ. പ്രമോദ്, പ്രോജക്ട് സെൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഡെയ്സൻ എന്നിവരെ ചുമതലപ്പെടുത്തി.
വരുംദിവസങ്ങളിൽ മൂന്ന് ചീറ്റ സ്ക്വഡുകളെയും ഏകോപിച്ചുകൊണ്ട് കോർപറേഷൻതലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

