ബഹുമാനപ്പെട്ട മേയർ, ഇതിനൊരു പരിഹാരം വേണം
text_fieldsകോഴിക്കോട്: ശുചിത്വ പദവി നേടിയ നഗരത്തിൽ മഴ കനത്ത് പെയ്താൽ പ്രധാന പാതയായ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും മാവൂർ റോഡ് ജങ്ഷനും ഇടയിലൂടെ നടന്നുപോവാൻ കഴിയാത്ത അവസ്ഥ. നടപ്പാതയും സമീപത്തെ കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ ഓടയിൽനിന്ന് പൊങ്ങുന്ന കക്കൂസ് മാലിന്യത്തിന് സമാനമായ മാലിന്യം നിറഞ്ഞിരിക്കും.
കണ്ടാൽ അറപ്പുളവാക്കുന്നതും വഴുവഴുപ്പുള്ളതുമായ മാലിന്യത്തിൽ തെന്നി കാൽനടയാത്രക്കാർ വീഴുന്നത് പതിവാണ്. ഈ ഭാഗത്ത് രൂക്ഷമായ ദുർഗന്ധവുമുണ്ട്. ശുചിത്വ പദവി നേടുകയും നഗരത്തെ മാലിന്യമുക്തമാക്കാൻ അഴക് പദ്ധതിക്കായി കോടികൾ ചെലവഴിക്കുകയും ചെയ്യുന്നതിനിടെയാണ് നഗര ഹൃദയ ഭാഗത്ത് യാത്രക്കാർ മാലിന്യം ചവിട്ടി നടക്കുന്നത്.
ഈ ദുരിതത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും പരിഹാരം കാണാൻ കോർപറേഷൻ അധികാരികൾ തയാറായിട്ടില്ല. മാലിന്യം പൊങ്ങി പ്രതിസന്ധി രൂക്ഷമാകുമ്പോൾ അങ്ങിങ്ങായി ബ്ലീച്ചിങ് പൗഡർ വിതറുക മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതർ ചെയ്യുന്നത്.
ഇതിനുപിന്നാലെ മഴ പെയ്യുന്നതോടെ വെള്ളം പൊങ്ങി വീണ്ടും മാലിന്യം നടപ്പാതയിൽ നിറയും. റോഡിൽ വെള്ളം പൊങ്ങുമ്പോൾ സമീപത്തെ കടകളിലേക്കുവരെ മാലിന്യം എത്തും. ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള സ്ഥാപനങ്ങളുടെ മുറ്റത്തേക്കും മാലിന്യം ഒഴുകിയെത്തും.
രാത്രി ശക്തമായ മഴ പെയ്ത് വെള്ളം പൊങ്ങിയാൽ പിറ്റേന്ന് രാവിലെ കട തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. രണ്ടു ബസ് സ്റ്റാൻഡുകൾക്ക് നടുവിൽ ഏറെ തിരക്കേറിയ ഭാഗത്ത് ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കോർപറേഷൻ തയാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കനോലി കനാൽ നിറഞ്ഞ് മാവൂർ റോഡ് ഓടയിലേക്ക് മലിന ജലം തിരികെ ഒഴുകുന്നതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത് എന്നാണ് കൗൺസിലർമാർ അടക്കമുള്ളവർ പറയുന്നത്. ഇതിന് പരിഹാരമായി മാവൂർ റോഡിലെ മലിന ജലം ജാഫർഖാൻ കോളനി വഴി തിരിച്ചുവിടാൻ നേരത്തെ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും സ്ഥാപിത താൽപ്പര്യക്കാർ മുളയിലെ നുള്ളിക്കളഞ്ഞെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

