കോഴിക്കോട് കടപ്പുറത്തെ അക്വേറിയം വീണ്ടും അടഞ്ഞു
text_fieldsഅടഞ്ഞുകിടക്കുന്ന കോഴിക്കോട് ബീച്ചിലെ ഡി.ടി.പി.സി ബീച്ച് അക്വേറിയം
കോഴിക്കോട്: പൂജാ അവധിക്കാലത്ത് കടപ്പുറത്ത് സഞ്ചാരികൾ അധികമെത്തുമ്പോഴും മുഖ്യ ആകർഷണങ്ങളിലൊന്നാവേണ്ടിയിരുന്ന വിനോദ സഞ്ചാര വകുപ്പിന്റെ അക്വേറിയം അടഞ്ഞു കിടക്കുന്നു. വർഷങ്ങളായി അടച്ചിട്ട ശേഷം ഇടക്കാലത്ത് തുറന്ന അക്വേറിയമാണ് പിന്നെയും അടച്ചു പൂട്ടിയത്.
ഏറെക്കാലമായി ജീർണാവസ്ഥയിലായിരുന്ന അക്വേറിയം നവീകരണം കഴിഞ്ഞ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയ ശേഷമായിരുന്നു പുനരാരംഭിച്ചത്. വീണ്ടും അക്വേറിയം വൈവിധ്യമുള്ള കാഴ്ചകളൊരുക്കി ഡി.ടി. പി.സി തുറന്നെങ്കിലും അനാസ്ഥയിൽ വീണ്ടും നാശത്തിലേക്ക് നീങ്ങുന്നു.
ബീച്ചിൽ വരുന്നവർക്കായി മത്സ്യങ്ങളുടെയും പക്ഷികളുടെയും പ്രദർശനം വിനോദസഞ്ചാര വകുപ്പിന്റെ കരാർ വ്യവസ്ഥയിൽ നടന്നുവരുമ്പോഴാണ് നിർത്തിവെച്ചത്. കരാറുകാരൻ ഡി.ടി.പി.സിക്ക് വാടകയിനത്തിൽ നാല് ലക്ഷത്തോളം കുടിശ്ശിക വരുത്തിയതിനാൽ കരാർ റദ്ദാക്കുകയായിരുന്നു. മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിൽനിന്ന് ഒരു വർഷം പോലും പൂർത്തീകരിക്കാതെയാണ് കരാറുകാരൻ പിൻവാങ്ങിയത്.
മാസ വാടക അധികമായതിനാൽ നഷ്ടം സംഭവിച്ചതായാണ് കരാറുകാരൻ പറയുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ഒരുവിധ സഹായവുമില്ലാത്തതിനാൽ നടത്തിപ്പിന് പ്രയാസമാണെന്നാണ് പരാതി. മൂന്ന് മാസത്തിലധികമായി അടച്ച് പൂട്ടിയ അക്വേറിയം പുതിയ കരാർ നൽകുന്നതിലും താമസമുണ്ടാവുന്നു. പുതിയ കരാറുകാരെ കണ്ടെത്തുന്നതിന് ഒക്ടോബർ 12 വരെ അപേക്ഷ ക്ഷണിച്ച് 13ന് കരാർ തുറക്കുമെന്ന് പരസ്യം ചെയ്തിരുന്നു.
12ന് കരാറിൽ പങ്കെടുക്കാൻ അപേക്ഷയുമായി പോയവർക്ക് അപേക്ഷ സ്വീകരിക്കുന്നത് ഒക്ടോബർ 19 ലേക്ക് മാറ്റിയതായും 20ന് ടെൻഡർ പരിശോധിക്കുമെന്നും പുതിയ അറിയിപ്പ് നൽകി. ഒക്ടോബർ 19ന് അപേക്ഷ നൽകി 20ന് ടെൻഡർ തുറക്കുന്ന ദിവസം കരാറുകാർ ഓഫിസിൽ എത്തിയപ്പോൾ ടെൻഡർ തുറക്കുന്നത് പിന്നെയും മാറ്റിയതായി ഓഫിസിൽനിന്ന് അറിയിച്ചു. അപേക്ഷ ഫോറത്തിന് 2950 രൂപ വാങ്ങിയും ടെൻഡറിൽ പങ്കെടുക്കാൻ ഡി.ടി.പി.സി ചെയർമാനായ ജില്ല കലക്ടറുടെ പേരിൽ 25,000 രൂപയുടെ ഡി.ഡിയും അപേക്ഷയുടെ കൂടെ സ്വീകരിച്ചെങ്കിലും ടെൻഡറിൽ പങ്കെടുത്തവരോട് എന്ന് ടെൻഡർ തുറക്കുമെന്ന് പോലും പറയാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് പരാതിയുണ്ട്.
അക്വേറിയങ്ങൾ അപൂർവമായിരുന്ന കാലത്ത് കടപ്പുറത്ത് കാലിക്കറ്റ് അക്വേറിയം ഏറെപേരെ ആകർഷിച്ചിരുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഡി.ടി.പി.സി അക്വേറിയം നവീകരിച്ചത്. തീര സംരക്ഷണ നിയമത്തിന് വിരുദ്ധമാകാത്ത വിധമായിരുന്നു നിർമാണം. മൊത്തം 39 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തിയായത്. നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിൽ ആരെയും ആകർഷിക്കും വിധം പണിതിരുന്ന കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിച്ചതോടെയാണ് നേരത്തേ അടച്ചു പൂട്ടേണ്ടി വന്നത്. ലയൺസ് പാർക്കിന് സമീപം കടപ്പുറത്ത് 1995 മേയ് 22നാണ് അന്നത്തെ ടൂറിസം മന്ത്രി ആര്യാടൻ മുഹമ്മദ് അക്വേറിയം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

