അശോക ആശുപത്രി ഓർമയാവുന്നു
text_fieldsകോഴിക്കോട്ടെ അശോക ആശുപത്രിയുടെ രാത്രികാല ദൃശ്യം
കോഴിക്കോട്: കാലത്തിന്റെ പേറ്റുനോവുകൾ ഏറ്റുവാങ്ങിയ കോഴിക്കോട്ടെ അശോക ആശുപത്രി ഓർമയാവുന്നു. 2022 ഡിസംബർ 31ഓടെ ആശുപത്രിയുടെ പ്രവർത്തനം നിലക്കും. വെള്ളിമാട്കുന്ന് -മാനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ചരിത്രമാകാൻ പോവുന്നത് കോഴിക്കോട് നഗരത്തിലെ പ്രൗഢിയേറെയുള്ള പൈതൃകമുദ്ര. നൂറ്റാണ്ടിന്റെ പടിവാതിൽക്കലായിരുന്നു ഈ ആതുരാലയം. യൂറോപ്യൻ റാണിയെപ്പോലെ തലയുയർത്തിനിന്ന കെട്ടിടം. ഒരുപാട് പിറവികൾക്ക് സാക്ഷ്യം വഹിച്ച ആശുപത്രി.
1930ലാണ് ബാങ്ക് റോഡിൽ ആശുപത്രി ഉയർന്നത്. കോഴിക്കോട്ടെ ആദ്യകാല ഡോക്ടർമാരിൽ ഒരാളായ ഡോ. വി.ഐ. രാമനാണ് ഇത് നിർമിച്ചത്. മകന്റെ പേരാണ് ആശുപത്രിക്ക് ഇട്ടത്. ഡോ. രാമൻ പഠിച്ചത് വിയനയിലായിരുന്നു. അവിടത്തെ കെട്ടിടമാതൃകയിൽ ഈ നഗരത്തിൽ ആശുപത്രി പടുത്തുയർത്തുകയായിരുന്നു. യൂറോപ്യൻ മാതൃകയുടെ ഏറ്റവും മനോഹരമായ രൂപകൽപനയാണ് ഈ കെട്ടിടത്തെ കാലാതീതമാക്കിയത്. നഗരത്തിരക്കിനിടയിലും ഈ ആശുപത്രിക്കകത്തെ കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അനുഭവമായിരുന്നു. നഗരത്തിൽ അംബരചുംബികളായ ആശുപത്രികൾ ഉയർന്നുതുടങ്ങിയത് എൺപതുകൾക്കു ശേഷമാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പുതന്നെ സ്ഥാപിച്ച അശോകയിൽ എല്ലാ വിഭാഗം ചികിത്സകളും തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായി മാറി. ദന്താശുപത്രിയും ഇവിടെ പിന്നീട് വന്നു. ഇവിടെ ചികിത്സ തേടുന്നത് പത്രാസുള്ള കാലമുണ്ടായിരുന്നു.
അനുബന്ധമായി കെട്ടിടങ്ങൾ വേറെയും നിർമിച്ചെങ്കിലും മുഖമുദ്രയായി പഴയ കെട്ടിടം അതേപടി നിലനിർത്തി. നാലാം തലമുറയിലെ ഡോ. അശ്വിൻ ബാലകൃഷ്ണനാണ് ഇപ്പോൾ ആശുപത്രി നടത്തുന്നത്. ഡോക്ടർമാരുൾപ്പെടെ 40ഓളം സ്റ്റാഫുണ്ട് ഇവിടെ. പ്രസവത്തിനു മാത്രമാണ് അഡ്മിറ്റ്. മറ്റുള്ളത് ഒ.പി വിഭാഗവും ഡെന്റൽ വിഭാഗവും മാത്രമാണ്. ഡിസംബർ 31ന് ആശുപത്രി പ്രവർത്തനം നിർത്തുകയാണെന്നു കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്.