ഡീഗോയെ ഓർത്ത് കോഴിക്കോടും
text_fieldsമറഡോണയുടെ നിര്യാണത്തിൽ അനുശോചിച്ച് ഫുട്ബാൾ പ്രേമികൾ കോഴിക്കോട് കിഡ്സൺ കോർണറിൽ മറഡോണയുടെ ഫോട്ടോക്ക് മുന്നിൽ ദീപം തെളിച്ചപ്പോൾ
കോഴിക്കോട്: ബുധനാഴ്ച രാത്രി ഡീഗോ മറഡോണയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ഫുട്ബാൾ ഭ്രാന്തന്മാരുടെ നാടായ കോഴിക്കോടിെൻറ കളിപ്രേമത്തിലേക്ക് സങ്കടക്കടൽ ഇരച്ചുകയറി. ആയിരക്കണക്കിന് ആരാധകർ നെഞ്ചിലേറ്റിയ താരം പത്തുമണിയോടെ വിടവാങ്ങിയതായി അറിഞ്ഞ പലരും വിശ്വസിച്ചില്ല. സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. മാധ്യമസ്ഥാപനങ്ങളിലേക്കും വിളിച്ചു ചോദിച്ചു. അപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വാർത്ത പടർന്നു.
ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയും വാട്സ്ആപ് സ്റ്റാറ്റസുകളും ഡീഗോ മാത്രമായി. 1986ലെ ലോകകപ്പിലെ നിമിഷങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ കണ്ടതിെൻറ ഓർമകളിലായിരുന്നു മുതിർന്നവർ. പിന്നീട് യൂട്യൂബിലൂടെ കണ്ട മറഡേണയുടെ പ്രതിഭാവിലാസങ്ങൾ അടുത്തറിഞ്ഞ യുവതലമുറയും ദുഃഖത്താൽ തേങ്ങി. നൈനാംവളപ്പ് ഉൾപ്പെടെയുള്ള ഫുട്ബാൾ 'പോക്കറ്റുകൾ' അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു.
ഇറ്റലിയിലെ നാപോളി ക്ലബിനു വേണ്ടി മറഡോണയുടെ അസാമാന്യ പ്രകടനങ്ങൾ എക്കാലത്തും ആവേശോജ്വലമാണെന്ന് ഇറ്റലിക്കാരനും ഗോകുലം കേരള എഫ്.സി മുഖ്യ പരിശീലകനുമായ വിൻചെൻസോ ആൽബർട്ടോ അനീഷ്യേ പറഞ്ഞു. ബാഴ്സലോണയിൽനിന്ന് ഇറ്റലിയിലെത്തിയ മറഡോണക്ക് ഇറ്റാലിയൻ ഫുട്ബാളിനെ മാറ്റിമറിക്കാൻ കഴിഞ്ഞു. ലോകത്തെ എക്കാലത്തെയും മികച്ച താരം മറഡോണയായിരുന്നെന്ന് ഗോകുലം കോച്ച് പറഞ്ഞു.
പവർ ഗെയിമിനെയും വേഗതയെയും എക്കാലത്തും ഇഷ്ടപ്പെട്ട കോഴിക്കോട്ടുകാരുടെ ഫുട്ബാൾ ആരാധനക്ക് ചേർന്ന കളിക്കാരനായിരുന്നു മറഡോണയെന്ന് പ്രശസ്ത കളിയെഴുത്തുകാരനായ ഭാസി മലാപ്പറമ്പ് പറഞ്ഞു. ഒളിമ്പ്യൻ റഹ്മാനടക്കമുള്ളവർ പുറത്തെടുക്കാറുണ്ടായിരുന്ന ശക്തിയായിരുന്നു കളത്തിൽ മറഡോണയുടേതും. 1982 ലോകകപ്പ് മുതൽ പലവട്ടം മറഡോണയുടെ കളി റിപ്പോർട്ട് ചെയ്യാൻ പറ്റിയത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
1986ൽ മറഡോണയുടെ അത്ഭുത പ്രകടനങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞ കോഴിക്കോട്ടുകാരനാണ് ഭാസി മലാപ്പറമ്പ്. 2010ൽ അർജൻറീന ടീമിെൻറ മാേനജരായി ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തിയപ്പോൾ ഇതിഹാസ താരത്തിെനാപ്പം ഒരു പടമെടുത്തിരുന്നു. എന്നാൽ, ആ പടം തെൻറ കൈയിൽ കിട്ടിയില്ല. മരണത്തിലുള്ള സങ്കടത്തിനൊപ്പം അന്ന് പടം നഷ്ടമായതിെൻറ ദുഃഖവും ഭാസി മലാപ്പറമ്പിന് ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

