വിജിഷയുടെ മരണം: അന്വേഷണം വേണമെന്ന് നാട്ടുകാർ
text_fieldsകൊയിലാണ്ടി: യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ. ചേലിയയിലെ മലയിൽ വിജിഷ (30) ജീവിതമവസാനിപ്പിച്ചത് ബാഹ്യസമ്മർദങ്ങളെ തുടർന്നാണെന്ന് സംശയിക്കുന്നതായി ആക്ഷൻ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ പണമിടപാടുകാരിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കണം. കുറച്ചു കാലമായി വിജിഷ സ്വകാര്യ ഫോൺ കമ്പനിയുടെ സേവന കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു.
ഓഫിസ് ജീവനക്കാരും ചില ഉപഭോക്താക്കളും നിരന്തരം വിജിഷയെ ഫോണിൽ ബന്ധപ്പെടുകയും പണമാവശ്യപ്പെടുകയും ചെയ്തതായി അറിയുന്നു. ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകളുടെ ബാധ്യത വിജിഷയുടെ മാത്രം ചുമതലയിലേക്ക് എങ്ങനെ വന്നു എന്നത് ദുരൂഹമാണ്.
കഠിനാധ്വാനം നടത്തിയാണ് വിജിഷയുടെ മാതാപിതാക്കൾ കുടുംബം പുലർത്തുന്നത്. കൂടെ നിന്നവരുടെ ചതിയിലൂടെ സംഭവിച്ച അമിതമായ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കുടുംബത്തിന് കഴിയില്ലെന്നതിനെ തുടർന്നാണ് വിജിഷ ആത്മഹത്യ ചെയ്തതെന്നു വേണം കരുതാൻ. നാട്ടിലെ മറ്റു യുവതീ- യുവാക്കളും ഇത്തരം കുരുക്കുകളിൽ പെട്ടു പോകാതിരിക്കാനും വിജിഷയുടെ മരണകാരണം കണ്ടെത്താനും ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. അന്വേഷണം ത്വരിതപ്പെടുത്താനും ബാഹ്യസമ്മർദങ്ങളെ ചെറുക്കാനും കുടുംബത്തിന് സാന്ത്വനം പകരാനുമായി നാട്ടുകാർ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ പ്രസിഡൻറായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. വാർഡ് മെമ്പർമാരായ കെ. എം. മജു, ടി.കെ. മജീദ് (വൈസ്.പ്രസി.) കെ. എം. ജോഷി (കൺ), പി. എം. ബാലൻ, കൊണ്ടോത്ത് രജീഷ് (ജോ. കൺ).