കാപ്പാട് കടലാക്രമണം രൂക്ഷം; തീരദേശ റോഡ് കടലെടുത്തു
text_fieldsകടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡ്
കൊയിലാണ്ടി: കാപ്പാട് തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായതോടെ കൊയിലാണ്ടി ഹാർബർ വഴി കാട്ടിലപീടിക വരെ എത്താനുള്ള റോഡ് പൂർണമായി തകർന്നു.
കഴിഞ്ഞ കുറെ കാലമായി തകർന്നുകിടക്കുകയായിരുന്ന റോഡിൽ കഴിഞ്ഞ വർഷം 25 ലക്ഷത്തോളം രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തി കാറുപോലുള്ള വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിലും, വെള്ളിയാഴ്ച ഉച്ചയോടെ ശക്തമായ തിരമാലയിൽ റോഡ് പൂർണമായി തകരുകയായിരുന്നു. രണ്ടു വർഷത്തോളമായി ഇവിടെ റോഡ് തകർന്നുകിടക്കുകയാണ്.
പൊതുമരാമത്ത് മന്ത്രിയും എം.എൽഎയും മാസങ്ങൾക്കു മുമ്പ് സ്ഥലം സന്ദർശിച്ച് ഏറ്റവും പുതിയ വിദേശ ടെക്നോളജി ഉപയോഗപ്പെടുത്തി റോഡ് നവീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായി തീരദേശവാസികൾ പറയുന്നു.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയിരുന്ന റോഡാണ് നിർമാണത്തിലെ ആസൂത്രണമില്ലായ്മ കാരണം പൂർണമായി തകർന്നത്. ചേമഞ്ചേരി പഞ്ചായത്ത് പൊതുശ്മാശനം, പ്ലാസ്റ്റിക് സംഭരണകേന്ദ്രം, കുട്ടികളുടെ പാർക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങൾക്ക് ഈ ഭാഗത്തുണ്ട്. അടിയന്തര ഘട്ടത്തിൽ ഒരു ആംബുലൻസിനുപോലും ഇവിടേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്നും ജനം പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

