നെല്യാടിപ്പുഴയിലൂടെ സഞ്ചരിക്കാം; പ്രകൃതിസൗന്ദര്യം ആസ്വദിക്കാം
text_fieldsഓളപ്പരപ്പിലൂടെയുള്ള യാത്രക്ക് ഒരുങ്ങിയ നെല്യാടിപ്പുഴ
കൊയിലാണ്ടി: നെല്യാടിപ്പുഴയുടെ ഓളപ്പരപ്പിലൂടെ ഇനി ആർത്തുല്ലസിക്കാം. നെല്യാടിപ്പുഴയും ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്കാരവും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കോഴിക്കോട് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുഴയിലൂടെയുള്ള സഞ്ചാരം ഒരുക്കുന്നത്.
ഷിക്കാര വഞ്ചിയിലൂടെയുള്ള ഉല്ലാസയാത്രയിൽ പുഴയുടെ ഇരുകരകളിലുമുള്ള ഇടതൂർന്ന കണ്ടൽക്കാടുകൾ, ദേശാടനപ്പക്ഷികളുടെയും നീർനായ്ക്കളുടെയും ആവാസ കേന്ദ്രങ്ങൾ എന്നിവ ദർശിക്കാം.
ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന പെഡൽ ബോട്ടിങ്, സെയിലിങ്, കയാക്കിങ്, കയാക്കിങ് പരിശീലനം, ആംഫി തിയറ്റർ, മാജിക് ഷോ, കളരിപ്പയറ്റ്, പുഴയോര റസ്റ്റാറന്റ്, കാൻഡിൽ ലൈറ്റ് ഡിന്നർ, ജൈവവൈവിധ്യ വനങ്ങൾ സന്ദർശിക്കൽ, പരമ്പരാഗത കൈത്തൊഴിലുകൾ, പൈതൃക കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതികൾ എന്നിവയുമുണ്ട്. ആസ്വാദ്യകരമായ ഒത്തുചേരലുകളും നടത്താം.
കേരള ഉത്തരവാദിത്ത ടൂറിസം മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30ന് ടൂറിസം പദ്ധതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ടി. രഘുനാഥ്, ഡോ. കെ.ടി. അമർജിത്ത്, ദയാനന്ദൻ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും.