മൂടാടി കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷന് ഇനി ‘ഇലക്ട്രോണിക് വില്ലേജ്’
text_fieldsകൊയിലാണ്ടി: കെല്‍ട്രോണിന്റെ മൂടാടി നന്തി ബസാറിലെ ലൈറ്റിങ് ഡിവിഷന് യൂനിറ്റിനെ കൂടുതല്‍ ആധുനിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ‘ഇലക്ട്രോണിക് വില്ലേജ്’ ആയി ഉയര്‍ത്തുന്നതിന്റെ പ്രഖാപനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മെഡിക്കല്‍ അസിസ്റ്റീവ് രംഗത്ത് കാലാനുസൃതമായ മാറ്റങ്ങളാണ് കെല്‍ട്രോണ്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉപയോഗപ്രദമായ ഒട്ടേറെ ഉത്പന്നങ്ങള്‍ യൂനിറ്റില്‍ നിര്‍മിക്കാനാകും. ഇതിനായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കി ആവശ്യമായ സൗകര്യങ്ങളോടെ യൂനിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും സമഗ്രമായ വികസനം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും പൂര്‍ണ പിന്തുണയോടെ ഈ സംരംഭം നാടിന് വലിയ നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഷാഫി പറമ്പില്‍ എം.പി മുഖ്യസാന്നിധ്യമായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, പയ്യോളി നഗരസഭ അധ്യക്ഷ എന്‍. ഷാഹിറ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസല്‍, ജില്ല പഞ്ചായത്ത് അംഗം പി.സി. ഷീബ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദലി, മിനി തെക്കേവീട്ടില്‍, കെല്‍ട്രോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹേമചന്ദ്രന്, ലൈറ്റിങ് ഡിവിഷന് യൂനി ഹെഡ് ശ്രീജിത്ത് ശശിധരക്കുറുപ്പ്, വിവിധ സര്‍വിസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രവണ സഹായി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ അസിസ്റ്റീവ് ഉപകരണങ്ങള്‍ നിര്‍മിച്ചുവരുന്ന സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.ഇ.ഡി.സി) മൂടാടിയിലുള്ള കെല്‍ട്രോണില്‍, കൂടുതല്‍ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ അസിസ്റ്റീവ് ടെക്നോളജി വ്യവസായ ക്ലസ്റ്ററായി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 13 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷന്റെ ഭൂമിയും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി നിലവിലുള്ള ഫാക്ടറി പ്ലാന്റ് വിപുലീകരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഉത്പാദനത്തിനപ്പുറം അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുമാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

