കുന്ന്യോറ മലയിൽ ഭീഷണിയായി മണ്ണിടിച്ചിൽ
text_fieldsകുന്ന്യോറ മലയിലെ മണ്ണിടിച്ചിൽ
കൊയിലാണ്ടി: കുന്ന്യോറ മലയിൽ വൻ മണ്ണിടിച്ചിൽ. ഞായറാഴ്ച രാവിലെയാണ് തുടക്കം. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് കടന്നുപോകുന്നിടത്താണ് മണ്ണിടിച്ചിൽ. മഴ തുടരുകയാണെങ്കിൽ ഇനിയും മണ്ണിടിച്ചിലുണ്ടാകും. ഏതാനും വീടുകൾ അപകടഭീഷണിയിലുമാണ്.
വിസ്തൃതമായ കുന്നിനെ കീറിമുറിച്ചാണ് ബൈപാസ് നിർമാണം നടക്കുന്നത്. 30 മീറ്റർ ഉയരത്തിൽനിന്നാണ് ഇരു ഭാഗങ്ങളിൽനിന്ന് മണ്ണിടിഞ്ഞത്. അശാസ്ത്രീയ രീതിയിലാണ് ഇവിടെ മല വെട്ടി റോഡ് നിർമാണം തുടങ്ങിയത്. ഇതിനെതിരെ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചർച്ചകളും നടന്നു. ഇതിൽനിന്ന് രൂപപ്പെട്ട നിർദേശങ്ങൾ ബൈപാസ് നിർമാണത്തിൽ ഏർപ്പെട്ടവർ പാലിച്ചില്ല.
വൻതോതിൽ മണ്ണ് താഴേക്കു പതിച്ചിട്ടുണ്ട്. കുത്തനെയാണ് ഇവിടെ മണ്ണെടുപ്പ് നടത്തിയത്. അപകടത്തിൽപെടാവുന്ന സ്ഥലം അക്വയർ ചെയ്തെടുക്കുകയും വീട്ടുകാരെ പുനരധിവസിപ്പിക്കണമെന്നും നേരത്തേ ആവശ്യം ഉയർന്നിരുന്നു. കുന്ന്യോറ മലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിലവിൽ അഞ്ചു വീടുകൾ അപകട ഭീഷണിയിലാണെന്ന് തഹസിൽദാർ സി.പി. മണി പറഞ്ഞു. ആവശ്യമെങ്കിൽ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റും.